ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിന്
1564957
Thursday, June 5, 2025 5:34 AM IST
ആലപ്പുഴ: എല്ലാവര്ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. വളവനാട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം നടന്ന ചടങ്ങില്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ ഉന്നതതല ജലസംഭരണിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധജലസ്രോതസുകള്‍ ഏറ്റവും കുറവുള്ള പ്രദേശങ്ങളാണ് ആലപ്പുഴയിലേത്. മണ്ണഞ്ചേരി പഞ്ചായത്തില്‍ ജലവിഭവ വകുപ്പിന്റെ പുതിയ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാന്‍ കഴിയുമെന്നും പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തും കുടിവെള്ള കണക്ഷനുകള്‍ സ്ഥാപിക്കുന്നതിനൊപ്പം അതിന്റെ നിര്‍മാണ ഘട്ടങ്ങളില്‍ റോഡുകള്‍ക്ക് ഉള്‍പ്പെടെ സംഭവിക്കുന്ന തകരാറുകള്‍ പരിഹരിക്കാനുള്ള തുക കൂടി വകയിരുത്തിയാണ് ഓരോ പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ പി.പി. ചിത്തരഞ്ജന് എംഎല്‍എ അധ്യക്ഷനായി. കുടിവെള്ളം ഓരോ ജനതയുടെയും മൗലികാവകാശമാണെന്ന് കണ്ട് ഇത്തരം പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഉന്നതതല ജലസംഭരണിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മണ്ണഞ്ചേരി നിവാസികള്‍ക്ക് ഏറ്റവും മികച്ച കുടിവെള്ളം തന്നെ ലഭ്യമാകുമെന്നും എംഎല്‍എ പറഞ്ഞു.
മണ്ണഞ്ചേരി പഞ്ചായത്തിലെ ജലവിതരണത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി വളവനാട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം 12 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണി, മൂന്നു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണി, പഞ്ചായത്തില്‍ 105 കിലോ മീറ്റര്‍ വിതരണ ശൃംഖല എന്നിവ സ്ഥാപിക്കുന്നതിനും റോഡ് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കുമായി കിഫ്ബി പദ്ധതി വഴി 49.32 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല. 2026 മാര്‍ച്ച് മാസത്തോടുകൂടി പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ചടങ്ങില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റ്റി.വി. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.