ലഹരിക്കെതിരേ പോരാടുന്ന ഭരണാധികാരികൾ മദ്യത്തെക്കുറിച്ച് മിണ്ടുന്നില്ല: വി.എം. സുധീരൻ
1565188
Thursday, June 5, 2025 11:55 PM IST
കറ്റാനം: നാടിനെ ലഹരിമുക്തമാക്കാൻ പോരാടുന്ന സർക്കാരും ഭരണാധികാരികളും മദ്യത്തെക്കുറിച്ച് ഒന്നും മിണ്ടാത്തത് ദുഃഖകരമാണെന്ന് മുതിർന്ന രാഷ്ട്രീയ നേതാവ് വി.എം. സുധീരൻ. കറ്റാനത്ത് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഫൗണ്ടേഷന്റെ പ്രഥമ പുരസ് കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യം-മയക്കുമരുന്ന് ഉൾപ്പെടുന്ന ലഹരിക്കെതിരേ ജോഷ്വാ തിരുമേനി നടത്തിവരുന്ന പ്രവർത്തനങ്ങൾ ഇന്നു കൂടുതൽ പ്രസക്തമാവുകയാണ്. സമൂഹനന്മയ്ക്കുവേണ്ടി തലമുറകളെയും നാടിനെയും രക്ഷിക്കാൻ കേരളം ഒരു സാമൂഹ്യദുരന്തത്തിലേക്കു പോകുന്ന ദുരവസ്ഥയിൽനിന്നു രക്ഷിക്കാൻ തിരുമേനിയെപ്പോലുള്ളവർ നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകണം.വിദ്യാർഥികൾ ഏതുതലത്തിൽ എത്തിയാലും സത്യം കൈവിടാതെ ജനക്ഷേമത്തിനും നാടിന്റെ നന്മയ്ക്കുവേണ്ടിയും വേണം പ്രവർത്തിക്കാൻ. വർഗീയവിധ്വംസക താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ശക്തികളുടെ കെണിയിൽ വീഴാതിരിക്കാൻ വിദ്യാർഥികൾ ഉൾപ്പെടുന്ന പുതുതലമുറ ജാഗ്രത പുലർത്തണമെന്നും സുധീരൻ പറഞ്ഞു.