ടിഎ കനാലില്‍ പായലും പോളയും; മഴക്കാലപൂര്‍വ ശുചീകരണം നടന്നില്ല
1564389
Monday, June 2, 2025 10:58 PM IST
വള്ളികുന്നം: വള്ളികുന്നം പഞ്ചായത്തിലൂടെയുള്ള ടിഎ കനാലില്‍ പായലും പോളയുംനിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു. ഇതോടെ കനാലിന് ഇരുവശവുമുള്ള വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. കനാലില്‍ മഴക്കാലപൂര്‍വ ശുചീകരണം നടന്നിരുന്നില്ല.
കഴിഞ്ഞ മഴക്കാലത്ത് ടിഎ കനാല്‍ കവിഞ്ഞൊഴുകി കൊണ്ടോടിമുകള്‍, കാമ്പിശേരി, താളീരാടി, കടുവുങ്കല്‍ വാര്‍ഡുകളിലെ താഴ്ന്നപ്രദേശങ്ങളിലെ ഇരുനൂറോളം വീടുകളില്‍ വെള്ളംകയറിയിരുന്നു. കാമ്പിശേരി അരീക്കര എല്‍പി സ്കൂള്‍, കടുവിനാല്‍ മേനി മെമ്മോറിയല്‍ സങ്കേതത്തിലെ സാംസ്കാരികനിലയം എന്നിവിടങ്ങളില്‍ അന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു. 35 കുടുംബങ്ങളാണ് ക്യാമ്പിലുണ്ടായിരുന്നത്.
ആറാട്ടുപുഴയില്നിന്നു വെട്ടിക്കോട്, ഈരിക്കല്പാലം, പള്ളം, മീനത്ത് ഭാഗത്തൂടെ കൊല്ലം ജില്ലയിലെ വട്ടക്കായല്‍, പാവുമ്പ വഴി തൊടിയൂര്വരെയാണ് ടിഎ കനാല്‍ പോകുന്നത്. കനാലിനെയും വള്ളികുന്നത്തെ പാടങ്ങളെയും ബന്ധിപ്പിച്ച് തോടുകളുമുണ്ട്. മുന്‍വര്‍ഷങ്ങളിലും മഴക്കാലത്ത് ടിഎ കനാല്‍ കവിഞ്ഞൊഴുകി വീടുകളില്‍ വെള്ളംകയറിയിരുന്നു.
കനാല്‍ ആഴംകൂട്ടി പായലും പോളയും നീക്കി ശുചീകരണം നടത്തിയിട്ട് വര്‍ഷങ്ങളായി. രണ്ടുവര്‍ഷം മുമ്പുവരെ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി മാലിന്യം നീക്കിയിരുന്നു. എന്നാല്‍, ആവര്‍ത്തനസ്വഭാവമുള്ള പ്രവൃത്തികള്‍ പദ്ധതിയിലൂടെ നടത്താന്‍ ഇപ്പോള്‍ അനുമതിയില്ല. ഇതോടെയാണ് വൃത്തിയാക്കല്‍ മുടങ്ങിയത്.