പാൽപ്പായസവുമായി അമ്പലപ്പുഴ സംഘം ചമ്പക്കുളം വള്ളംകളിക്കെത്തി
1574423
Wednesday, July 9, 2025 11:59 PM IST
ആലപ്പുഴ: ഐതിഹ്യപ്പെരുമയുണർത്തി മധുരമൂറുന്ന അമ്പലപ്പുഴ പാൽപ്പായസവുമായി അമ്പലപ്പുഴ സംഘം ചമ്പക്കുളം വളളംകളിക്കെത്തി. ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം ഇന്നലെയാണ് ചമ്പക്കുളത്ത് പമ്പയാറ്റിൽ നടന്നത്. സംസ്ഥാനത്തെ ഏറ്റവും പാരമ്പര്യമേറിയ വള്ളംകളിയാണ് ചമ്പക്കുളത്താറ്റിലെ മൂലംവള്ളംകളി. ചങ്ങനാശേരി കുറിച്ചി കരിങ്കുളം ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള പ്രതിഷ്ഠാ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ചമ്പക്കുളത്ത് എത്തി.
മഠത്തിൽ ക്ഷേത്രത്തിൽ പൂജകൾക്കു ശേഷം മാപ്പിളശേരി തറവാട്ടിൽ വിഗ്രഹം ഇറക്കിവച്ച് അവിടെനിന്ന് കളിവള്ളങ്ങളുടെ അകമ്പടിയോടും നാനാജാതി മതസ്ഥരുടെ സഹകരണത്തോടെയും ചെമ്പകശേരി രാജാവ് അമ്പലപ്പുഴയ്ക്ക് കൊണ്ടുപോയതിന്റെ ചരിത്രസ്മരണ നിലനിർത്തുവാൻവേണ്ടി ആരംഭിച്ച അമ്പലപ്പുഴ മൂലക്കാഴ്ചയുടെ തുടർച്ചയാണ് ചമ്പക്കുളം മൂലം വള്ളംകളി.
ആണ്ടുതോറും മിഥുനമാസത്തിലെ മൂലം നക്ഷത്രത്തിൽ ആഘോഷിക്കുന്ന ഈ വള്ളംകളി കേരളത്തിലെ ജലോത്സവങ്ങളുടെ തുടക്കം കൂടിയാണ്. അമ്പലപ്പുഴ ക്ഷേത്രത്തിൽനിന്ന് നിവേദിച്ച പാൽപ്പായസം ചമ്പക്കുളം മഠം മഹാലക്ഷ്മി ക്ഷേത്രത്തിൽ എത്തിച്ചശേഷമാണ് വള്ളംകളി നടന്നത്. വള്ള സദ്യക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് അമ്പലപ്പുഴ ക്ഷേത്രത്തിൽനിന്ന് പാൽപ്പായസവുമായി സംഘം പുറപ്പെട്ടത്. കൃഷ്ണ സന്നിധിയിൽ നടന്ന ആവേശകരമായ വഞ്ചിപ്പാട്ടിന് ശേഷമാണ് സംഘം യാത്രയായത്.
ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ കെ. വിമൽ കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ. അജിത് കുമാർ, ക്ഷേത്രം കോയ്മ സ്ഥാനി വി.ജെ. ശ്രീകുമാർ, നാരായണ ഭട്ടതിരിപ്പാട് തുടങ്ങിയവർ നേതൃത്വം നൽകി.