ദേശീയ പണിമുടക്ക്: ജില്ല നിശ്ചലമായി
1574428
Wednesday, July 9, 2025 11:59 PM IST
ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ ജില്ല നിശ്ചലമായി. ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകള്‍ ചേര്‍ന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴില്‍ച്ചട്ടങ്ങള്‍ റദ്ദാക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. തൊഴില്സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗഗണിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്കിലേക്ക് നീങ്ങിയത്.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ഇഡബ്ല്യുഎ, എല്‍പിഎഫ്, യുടിയുസി എന്നിവ അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
സംയുക്ത കിസാന്‍ മോര്‍ച്ച, റൂറല്‍ വര്‍ക്കര്‍ യൂണിയന്, റെയില്‍വേ, എന്‍എംഡിസി ലിമിറ്റഡ്, സ്റ്റീല്‍ വ്യവസായം തുടങ്ങിയ പൊതുമേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് പാസാക്കിയ നാല് പുതിയ തൊഴില്‍ നിയമങ്ങളോടുള്ള തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളി സംഘടനകളെ ഇല്ലാതാക്കുകയും, ജോലി സമയം വര്‍ധിപ്പിക്കുകയും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകളെ പിഴകളില്‍നിന്ന് സംരക്ഷിക്കുകയും തൊഴിലാളികളുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതാണ് നാല് പുതിയ തൊഴില്‍ നിയമങ്ങളെന്നാണ് ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇതിന് പുറമേ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, ജോലികള്‍ക്ക് പുറംകരാര്‍ കൊടുക്കുന്നത്, കരാര്‍ തൊഴിലാളികളെ നിയമിക്കുന്നത് അടക്കമുള്ള വിഷയങ്ങളും പണിമുടക്കുന്ന തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ നീക്കം തൊഴില്‍ സുരക്ഷയ്ക്കും ന്യായമായ വേതനത്തിനും ഭീഷണിയാണെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്.
ലോക്ക് ഡൗണിനു സമാനം
ആലപ്പുഴ ജില്ലയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. വിരലിലെണ്ണാവുന്ന സര്‍വീസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി നടത്തിയത്. ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ആളൊഴിഞ്ഞ നിലയിലായിരുന്നു. ഗതാഗതം, ഇന്‍ഷ്വറന്‍സ്, റെയില്‍വേ, തപാല്‍, ബാങ്കിംഗ്, വൈദ്യുതി, ഉരുക്ക്, ടെലികോം മേഖലകളിലെ തൊഴിലാളികള്‍,വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, ഓട്ടോടാക്സി ഡ്രൈവര്‍മാര്‍, ബീഡി തൊഴിലാളികള്‍ എന്നിവരും പണിമുടക്കില്‍ അണിചേര്‍ന്നതോടെ ജില്ല കോവിഡ് കാലത്തെ ലോക്ക് ഡൗണിനു സമാനമായിരുന്നു.
ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ്, മാധ്യമസ്ഥാപനം, പാല് വിതരണം അടക്കമുള്ള അവശ്യസര്‍വീസുകളെ ദേശീയ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. കൂടാതെ ആശുപത്രി, റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം എന്നിവിടങ്ങളിലേക്കുളള ഗതാഗതത്തെയും മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം, ടൂറിസം എന്നിവയെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ബഹുഭൂരിപക്ഷം പരിപാടികളും ചടങ്ങുകളും മാറ്റി വയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തു.