ഒപ്പിട്ടവരെ ജോലിസ്ഥലത്തിരുത്തി വ്യത്യസ്ത സമരം
1574432
Wednesday, July 9, 2025 11:59 PM IST
മാവേലിക്കര: ദേശീയ പണിമുടക്ക് ദിവസം സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യത്യസ്തമായ സമരം. കുന്നം ഗവ. എച്ച്എസ്എസിലാണു രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തിയാൽ സ്കൂൾ സമയം അവസാനിക്കുന്നതുവരെ ജോലി സ്ഥലത്തു കാണണം എന്നാവശ്യപ്പെട്ടു സിപിഎം പ്രവർത്തകർ ആറ് മണിക്കൂറോളം സമരം നടത്തിയത്.
ഇന്നലെ രാവിലെ 11നാണു സംഭവങ്ങളുടെ തുടക്കം. തഴക്കരയിൽ പണിമുടക്കിനെ അനുകൂലിച്ചു നടന്ന പ്രകടനത്തിനു പിന്നാലെ കുന്നം ഗവ. എച്ച്എസ്എസ് തുറന്നു പ്രവർത്തിക്കുന്നു എന്നറിഞ്ഞ സിപിഎം പ്രവർത്തകർ സ്കൂളിലെത്തി. എത്ര പേർ ഒപ്പിട്ടു എന്നു സമരക്കാർ അന്വേഷിച്ചപ്പോൾ 13 എന്ന മറുപടി ലഭിച്ചു. എന്നാൽ എണ്ണിയപ്പോൾ 11 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുപേർ എവിടെ എന്നു ചോദിച്ചപ്പോൾ ഗ്രൗണ്ടിൽ ഉണ്ട് എന്നു മറ്റ് അധ്യാപകർ പറഞ്ഞു. സമരക്കാർ വീണ്ടും എത്തിയപ്പോഴും 11 പേർ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ.
അന്വേഷിച്ചപ്പോൾ രണ്ടു പേർ മെഡിക്കൽ സ്റ്റോറിൽ പോയി എന്നായി നിലപാട്. തുടർന്നു സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഉപരോധ സമരം ആരംഭിച്ചു. സ്ഥലത്തെത്തിയ സിപിഎം നേതാവ് കെ. രഘുപ്രസാദ് ഹാജർ ബുക്ക്, മൂവ്മെന്റ് രജിസ്റ്റർ എന്നിവ കാണിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് അറിയിച്ചു.
പ്രിൻസിപ്പലിന്റെ അഭാവത്തിൽ സ്കൂൾ ചുമതല ഉണ്ടായിരുന്ന അധ്യാപിക അതിനു തയാറായില്ല. ഇതോടെയാണു സമരം ശക്തമാക്കിയത്. വൈകിട്ട് അഞ്ചരയോടെ സ്ഥലത്തെത്തിയ പോലീസ് ഉപരോധം നടത്തിയവരെ അറസ്റ്റ് ചെയ്തു നീക്കി. മുരളി തഴക്കര, വേണുഗോപാൽ, മെറിൽ എം. ദാസ് തുടങ്ങിയവർ സമരത്തിനു നേതൃത്വത്തിനു നൽകി.
സമരക്കാർ എത്തിയ ശേഷമാണു മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തൽ ഉണ്ടായതെന്നും ഹാജർ ബുക്കിലെയും മൂവ്മെന്റ് രജിസ്റ്ററിലെയും ഒപ്പ് വ്യത്യസ്തമാണെന്നും സിപിഎം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കു പരാതി അയച്ചു.
സ്കൂളിൽ ഉണ്ടായിരുന്ന വനിതാ അധ്യാപകർ കാറിൽ പോകാൻ തുടങ്ങിയപ്പോൾ തടഞ്ഞെന്നും രണ്ട് അധ്യാപകർ മരുന്നു വാങ്ങാനായി ബൈക്കിലാണ് പോയതെന്നും ഉച്ചയ്ക്കുശേഷം ഇരുവരും ഒപ്പിട്ടില്ലെന്നും സ്കൂളിലെ മറ്റ് അധ്യാപകർ പറഞ്ഞു.