എസി റോഡില്‍ നാളെമുതല്‍ ഗതാഗതനിയന്ത്രണം
1574676
Thursday, July 10, 2025 11:17 PM IST
ആലപ്പുഴ: എസി റോഡില്‍ പുതിയ പള്ളാത്തുരുത്തി പാലത്തിന്റെ ആര്‍ച്ച് കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 12 ശനിയാഴ്ച രാവിലെ 10 മുതല്‍ 13 ഞായറാഴ്ച രാവിലെ ആറു വരെ എസി റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം.
കളക്ടറേറ്റില്‍ ചേര്‍ന്ന എസി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. കോട്ടയം- ചങ്ങനാശേരിയില്‍നിന്ന് ആലപ്പുഴയിലേക്ക് വരുന്ന ഭാരവാഹനങ്ങള്‍ തിരുവല്ല വഴി തിരുവല്ല -അമ്പലപ്പുഴ റോഡിലൂടെ ദേശീയപാതയില്‍ എത്തിച്ചേരണം.
കോട്ടയം- ചങ്ങനാശേരിയില്‍നിന്നു വരുന്ന ചെറുവാഹനങ്ങള്‍ എസി റോഡിലൂടെ സഞ്ചരിച്ച് മങ്കൊമ്പ് ജംഗ്ഷനില്‍നിന്ന് ചമ്പക്കുളം ഭാഗത്തേക്ക് തിരിഞ്ഞ് നെടുമുടി പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് വഴി ദേശീയപാതയിലെ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിന് വടക്ക് വശത്തുള്ള എസ്എന്‍ കവലയില്വന്ന് ആലപ്പുഴയിലേക്ക് യാത്ര തുടരണം.
ആലപ്പുഴയില്‍നിന്നു ചങ്ങനാശേരിക്കു പോകുന്ന ഭാരവാഹനങ്ങള്‍ അമ്പലപ്പുഴ-തിരുവല്ല റോഡിലൂടെ ചങ്ങനാശേരിക്ക് പോകണം. ആലപ്പുഴയില്‍നിന്നു ചങ്ങനാശേരിക്കു പോകുന്ന ചെറു വാഹനങ്ങള്‍ ദേശീയപാതയിലെ എസ്എന്‍ കവലയില്‍നിന്നും കഞ്ഞിപ്പാടം-ചമ്പക്കുളം വഴി എസി റോഡിലെ പൂപ്പള്ളിയില്‍ ചെന്ന് ചങ്ങനാശേരിക്ക് യാത്ര തുടരണം.
പള്ളാത്തുരുത്തി പഴയപാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാലത്തിന്റെ നടുവിലുള്ള 72 മീ. നീളമുള്ള ആര്‍ച്ചിന്റെ ആദ്യഘട്ട കോണ്‍ക്രീറ്റിംഗ് പ്രവൃത്തികളാണ് ശനിയാഴ്ച നടക്കുക. യോഗത്തില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെഎസ്ടിപി എക്സി. എന്‍ജിനിയര്‍ ജി.എസ്. ജ്യോതി, അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കെഎസ്ആര്‍ടിസി ബസ് റൂട്ടികളിലും മാറ്റം
ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തിന്റെ ആര്‍ച്ച് കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ എസി റോഡിലൂടെയുള്ള കെഎസ്ആര്‍ടിസി ബസ് റൂട്ടുകളിലും മാറ്റമുണ്ടായിരിക്കും.
ആലപ്പുഴ ഭാഗത്തുനിന്ന് ചങ്ങനാശേരി, കൈനകരി കോലത്ത് ജെട്ടി, തട്ടാശേരി എന്നീ സ്ഥലങ്ങളിലേക്കു പോകുന്ന ബസുകള്‍ കൈതവന കളര്‍കോട് ജംഗ്ഷന് വഴി വണ്ടാനം എസ് എന്‍ കവല, ചമ്പക്കുളം വഴി പൂപ്പള്ളി ജംഗ്ഷനില്‍ എത്തി ചങ്ങനാശേരിക്കും മറ്റുള്ള സ്ഥലങ്ങളിലേക്കും പോകും.
ചങ്ങനാശേരി ഭാഗത്തുനിന്ന് ആലപ്പുഴയ്ക്ക് വരുന്ന ബസുകള്‍ എസി റോഡിലെ മങ്കൊമ്പ് ജംഗ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചമ്പക്കുളം, കഞ്ഞിപ്പാടം വഴി എസ്എന്‍ കവലയില്‍ എത്തി ആലപ്പുഴയ്ക്ക് സര്‍വീസ് നടത്തും.