കൊല്ലം-തേനി ദേശീയപാത വികസനം; പാതയോര നിർമാണങ്ങൾക്ക് നിയന്ത്രണം
1574680
Thursday, July 10, 2025 11:17 PM IST
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത നാലുവരിപ്പാതയാക്കി മാറ്റുന്നതിനായി സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്കു കടക്കുന്നതിനാൽ പാതയോരത്തെ പുതിയ നിർമാണങ്ങൾക്ക് ഇനി അനുമതി നൽകരുതെന്ന് വില്ലേജ് ഓഫീസുകൾക്ക് രേഖാമൂലം നിർദേശം നൽകി. അതിനാൽ കൊല്ലം-തേനി ദേശീയപാതയ് ക്കരികിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾക്ക് ഇനി പെർമിറ്റ് ലഭിക്കില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതുസംബന്ധമായ നിർദേശം നൽകിക്കഴിഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ ഭൂരാശി പോർട്ടിലിൽ പ്രസിദ്ധീകരിച്ചിട്ട് മൂന്നുമാസമായിട്ടും സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകുകയാണ്. വേണ്ടത്ര ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതും നടപടികൾ വൈകാൻ കാരണമാകുന്നു. ആലപ്പുഴ ജില്ലയുടെ ചുമതല ദേശീയപാത വിഭാഗം ഹരിപ്പാട് സ്പെഷൽ ഡെപ്യൂട്ടി തഹീൽദാർക്കും കൊല്ലം ജില്ലയുടെ ചുമതല കൊല്ലം ദേശീയപാത വിഭാഗം ഡെപ്യൂട്ടി തഹസീൽദാർക്കുമാണ്.
എന്നാൽ, ഇവർക്ക് ദേശീയപാത 66ന്റെ വികസനപ്രവർത്തനങ്ങൾക്കും ചുമതലകൾ വഹിക്കേണ്ടിവരുന്നതിനാൽ ഇതും മറ്റൊരു പ്രതിസന്ധിയാണ്. സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണം എന്ന ആവശ്യവുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്ക് കൊടിക്കുന്നിൽ സുരേഷ് എംപി നിവേദനം നൽകിയിരിക്കുകയാണ്.
സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ റവന്യുവകുപ്പിന് നിർദേശം നൽകണമെന്ന് കാട്ടി മുഖ്യമന്ത്രിക്കും എംപി കത്ത് നൽകി. കൊല്ലം-തേനി ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാരും കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
കൊല്ലം ബൈപ്പാസ് മുതൽ-ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ 54 കിലോമീറ്റർ വികസനത്തിന് നിലവിൽ 1993.28 കോടി രൂപയാണ് നിർമാണച്ചെലവായി എസ്റ്റിമേറ്റിലുള്ളത്.
എന്നാൽ, ഇത് 2200 കോടി ആയി ഉയർത്തുമെന്നാണ് സൂചന. പൊതുമരാമത്ത് പദ്ധതികളുടെ നിരക്ക് വർധിച്ചതാണ് കാരണം. സംസ്ഥാന റവന്യുവകുപ്പിന് നിർദേശം ലഭിച്ചാൽ കല്ലിടീൽ നടപടികൾ വേഗത്തിലാകും. ദേശീയപാത പൊതുമരാമത്ത് വിഭാഗവും സ്ഥലമേറ്റെടുക്കൽ സംഘവും നേരത്തെ പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തിയിരുന്നു.
24 മീറ്റർ വീതിയിൽ കൊടുംവളവുകൾ നിവർത്തിയും ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കിയും ഗ്രേഡിംഗ് വർധിപ്പിച്ചുമാണ് ദേശീയപാത 183 യാഥാർഥ്യമാക്കുക. കൊല്ലം, ഭരണിക്കാവ്, വണ്ടിപ്പെരിയാർ, കുമളി, തേനി തുടങ്ങിയ ജംഗ്ഷനുകളിലൂടെയാണ് പാത കടന്നുപോവുക.
കയറ്റിറക്കങ്ങൾ പരമാവധി ഒഴിവാക്കാൻ നിലവിലുള്ളതിനേക്കാൾ ഉയർത്തിയാകും റോഡ് നിർമിക്കുക. കൊല്ലം കടവൂർ-തേവള്ളി - തൃക്കടവൂർ - അഞ്ചാലുംമൂട് - പെരിനാട് - ഈസ്റ്റ് കല്ലട - ഭരണിക്കാവ് -ചക്കുവള്ളി -ശൂരനാട് നോർത്ത് - ആനയടി - താമരക്കുളം-ചാരുംമൂട് -ചുനക്കര - മാങ്കാംകുഴി -കൊല്ലക്കടവ് ആഞ്ഞിലിമൂട്-ചെങ്ങന്നൂർ-പൊൻകുന്നം -കാഞ്ഞിരപ്പള്ളി -മുണ്ടക്കയം -കുട്ടിക്കാനം -വണ്ടിപ്പെരിയാർ-കുമളി വഴിയാണ് റോഡ് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുക. തുടർന്ന് കമ്പം ഉത്തമപാളയം വഴി തേനിയിൽ എത്തിച്ചേരും.