ഉയരപ്പാത നിര്‍മാണം മുന്നോട്ട്, യാത്രക്കാരുടെ പ്രതീക്ഷയും
1574675
Thursday, July 10, 2025 11:17 PM IST
തുറവൂര്‍: ലക്ഷ്യമിട്ട രീതിയില്‍ ഉയരപ്പാത നിര്‍മാണം നീങ്ങുന്നു. അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ 68 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. 2023 ഫെബ്രുവരിയിലാണ് നിര്‍മാണം തുടങ്ങിയത്. 2026 ഫെബ്രുവരി അവസാനം പൂര്‍ത്തിയാക്കുന്ന വിധമാണ് നിര്‍മാണം. 12.75 കിലോ മീറ്റര്‍ പാതയില്‍ റാംപ്, ടോള്‍ ഗേറ്റ് എന്നിവയടക്കം 403 തൂണുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ 394 തൂണിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇനി 9 തൂണുകള്‍ മാത്രമാണ് നിര്‍മിക്കാനുള്ളത്. പാതയ്ക്കു മാത്രമായി 354 തൂണുകളാണുള്ളത്.
9 മീറ്റര്‍ ഉയരത്തിലുള്ള ചിറക് വിരിച്ചിരിക്കുന്ന തൂണുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിച്ചതിനുശേഷം 24 മീറ്റര്‍ വീതിയിലാണ് പാത ഒരുങ്ങുന്നത്. തുറവൂര്‍- പാട്ടുകുളങ്ങര, കുത്തിയതോട്-ചമ്മനാട്, എരമല്ലൂര്‍- ചന്തിരൂര്‍, അരൂര്‍ ക്ഷേത്രം കവല-അരൂര്‍ ബൈപാസ് തുടങ്ങി അഞ്ചു റീച്ചുകളായാണു വര്‍ക്കുകള്‍ നടക്കുന്നത്. അഞ്ചു റീച്ചുകളിലായി തൂണുകള്‍ക്കു മുകളില്‍ ഏഴു കിലോമീറ്റര്‍ പാതയുടെ കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായി.
തുറവൂര്‍ ജംഗ്ഷന്, അരൂര്‍ ബൈപാസ് കവല എന്നിവിടങ്ങളിലെ അപ്രോച്ച് റോഡിലൂടെ മാത്രമാണ് ഉയരപ്പാതയിലേക്ക് കയറുന്നതിനും ഇറങ്ങാനുമുള്ള സൗകര്യം. കുത്തിയതോട്, ചന്തിരൂര്‍ എന്നിവിടങ്ങളിലെ റാംപുകളിലൂടെ മാത്രമാണ് ഉയരപ്പാതയില്നിന്നു താഴേക്കിറങ്ങാന്‍ സൗകര്യമുള്ളത്. റാംപുകളുടെ നിര്‍മാണം നടന്നുവരികയാണ്. ഇതുകൂടാതെ 28 മീറ്റര്‍ വീതിയില്‍ ഉയരപ്പാതയുടെ മുകളില്‍ തന്നെ വാഹനങ്ങളുടെ ടോള്‍ പിരിക്കാനുള്ള ടോള്‍ ബൂത്തിന്റെ നിര്‍മാണം നടക്കുന്നു.
അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ പ്രധാന വെല്ലുവിളിയാണ് കാന നിര്‍മാണം. കാന നിര്‍മാണം പൂര്‍ത്തിയാകാത്തതുമൂലം വെള്ളം കെട്ടിനിന്നു പാതയിലെ റോഡുകള്‍ തകരുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയ കാനയില്‍നിന്നു പാതയോരത്തുള്ള ഇടത്തോടുകളിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനുള്ള പഞ്ചായത്തുകളുടെ അനുമതിക്കായി കരാറുകാര്‍ സമീപിച്ചെങ്കിലും ആറു മാസം വൈകിയാണ് അനുമതി നല്‍കിയത്.