അക്ഷരത്തിന്റെയും അറിവിന്റെയും അങ്കത്തിനിറങ്ങി ഗോപിദാസ്
1574677
Thursday, July 10, 2025 11:17 PM IST
അന്പലപ്പുഴ: ഗോപിദാസ് വീണ്ടും അക്ഷരത്തിന്റെയും അറിവിന്റെയും അങ്കത്തിനിറങ്ങി. മധുരം നുണയുന്നതു പോലെ വാർധക്യകാലത്തും പരീക്ഷയെഴുതി, അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാനായി.
പുന്നപ്ര പറവൂർ താന്നിപ്പടിച്ചിറയിൽ 79 വയസുകാരൻ ഗോപിദാസാണ് പ്രായത്തിന്റെ പരിമിതികളെ വെല്ലുവിളിച്ച് ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതിയത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പഠിതാവാണ് ഈ മുത്തച്ഛൻ. മകൻ സർക്കാർ ജീവനക്കാരനാകണമെന്നും പത്താം ക്ലാസ് പരീക്ഷ പാസാകണമെന്നുമായിരുന്നു മാതാവ് ഭവാനിയുടെ ആഗ്രഹം. പല കാരണം കൊണ്ട് അമ്മയുടെ ഈ രണ്ട് ആഗ്രഹവും പൂവണിയിക്കാൻ കഴിഞ്ഞില്ല.
കുടുംബം പുലർത്താനായി പിന്നീട് കയർത്തൊഴിലാളിയായി. ഇതിനിടയിൽ മാതാവും മരണപ്പെട്ടു. എങ്കിലും പ്രിയപ്പെട്ട അമ്മയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ഗോപിദാസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി. ഇതിൽ മികച്ച വിജയം നേടിയപ്പോൾ തുടർന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷയുമെഴുതി. നാലു വിഷയത്തിന് എ പ്ലസും മറ്റ് വിഷയങ്ങൾക്ക് എയും ലഭിച്ചു. അതിനേക്കാൾ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസമാണ് ഇത്തവണയുള്ളത്.
വിവിധ ദിവസങ്ങളിലായി ആറു പരീക്ഷയാണ് എഴുതുന്നത്. ആദ്യ ദിവസം മലയാളമായിരുന്നു. ഞായറാഴ്ച മാത്രമാണ് അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ സ്കൂളിൽ ക്ലാസുള്ളത്. മുടങ്ങാതെ ഈ ക്ലാസുകളിലെത്തുമായിരുന്നു. കൊച്ചുമക്കൾക്കൊപ്പം വാർധക്യം വീട്ടിലിരുന്ന് ആസ്വദിക്കുമ്പോഴും പഠനത്തിനും ഏറെ സമയം കണ്ടെത്തും. ഹയർ സെക്കൻഡറി തുല്യതാ എട്ടാം ബാച്ച് പഠിതാവാണ് ഈ മുത്തച്ഛൻ.
പഠിക്കുന്ന സ്കൂളിൽത്തന്നെയാണ് പരീക്ഷയും. പ്രായവും അവശതയുമൊന്നും തന്റെ പഠനത്തിന് തടസമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഗോപി ദാസ് എന്ന പഠിതാവ്. ആദ്യ ദിവസം പരീക്ഷ കഴിഞ്ഞിറങ്ങിയ ഗോപി ദാസിനെ എച്ച്. സലാം എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു.