റോഡരികിൽ മാലിന്യം തള്ളൽ; കാടിറങ്ങി കാട്ടുപന്നികള്‍
1574683
Thursday, July 10, 2025 11:17 PM IST
ചാരുംമൂട്: കെപി റോഡിന്റെ വശങ്ങള് കാട്ടുപന്നികളുടെ വാസസ്ഥലമായി മാറുന്നു. കായംകുളം-പുനലൂര്‍ റോഡിന്റെ വശങ്ങളിലെ കൊടുംകാടുകളാണ് സാനിറ്റോറിയം വളപ്പിലെത്തുന്ന കാട്ടുപന്നികളുടെ വാസസ്ഥലം. കഴിഞ്ഞദിവസം രാത്രി റോഡരികിലെ കാടുകളില്‍നിന്ന് കാട്ടുപന്നികള്‍ നിരനിരയായി ഇറങ്ങി സാനിറ്റോറിയം വളപ്പില്‍ ചെന്നതായും കൃഷി നശിപ്പിച്ചതായും പറയുന്നു. മിക്ക ദിവസങ്ങളിലും രാത്രി 12നുശേഷം റോഡിലൂടെ കാട്ടുപന്നികള്‍ വരിവരിയായി നടക്കുന്നത് യാത്രക്കാര്‍ കാണാറുണ്ട്.
പറയംകുളം ജംഗ്ഷന് കിഴക്കുവശം മുതല്‍ ഐടിബിപി ജംഗ്ഷന് ഇപ്പുറം വരെയും പരസ്പരം കാണാന്‍ കഴിയാത്ത രീതിയിലുള്ള കൊടുംകാടുകളാണ്. രാത്രി കെപി റോഡിലൂടെ പോകുന്നവര്‍ക്ക് ഈ ഭാഗത്ത് എത്തുമ്പോള്‍ ഭയമാണ്. പലപ്പോഴും കാട്ടുപന്നികള്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും മുന്നില്‍ ചാടിയിട്ടുണ്ട്. ഇതരസ്ഥലങ്ങളില്നിന്നു രാത്രി വാഹനത്തില്‍ മാലിന്യങ്ങള്‍ കാട്ടില്കൊണ്ടുവന്ന് തള്ളാറുണ്ട്. കാട്ടുപന്നികള്‍ക്ക് ആഹാരമായി ഇത് ലഭിക്കുന്നുണ്ട്.
താമരക്കുളം പഞ്ചായത്ത് പരിധിയിലാണ് റോഡിന്റെ വശങ്ങളില് കാടുള്ളത്. പൊതുമരാമത്ത് വകുപ്പും ഇത് ശ്രദ്ധിക്കാറില്ല. എട്ടുവര്‍ഷം മുന്‍പ് സാനിറ്റോറിയത്തിന്റെ മുന്‍വശം കെപി റോഡിന്റെ വശത്ത് ജനങ്ങള്‍ക്ക് വിശ്രമിക്കാനായി പാര്‍ക്ക് നിര്‍മിക്കാന്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിരുന്നു. പാര്‍ക്ക് നിര്‍മാണത്തിനാവശ്യമായ തുക എംഎല്‍എ ഫണ്ടില്‍നിന്ന് നല്‍കാനായിരുന്നു തീരുമാനം.
റോഡിന്റെ വശങ്ങള് അളന്ന് തിട്ടപ്പെടുത്തിയെങ്കിലും പാര്‍ക്ക് നിര്‍മാണം നടന്നില്ല. മത്സ്യവ്യാപാരത്തിനുശേഷം ഉപയോഗ ശൂന്യമായ പെട്ടികളും റോഡിന്റെ വശങ്ങളില് തള്ളിയിരിക്കുകയാണ്.
സമീപ പ്രദേശം ഉള്‍പ്പെടെയുള്ളിടത്ത് എന്ത് മാലിന്യം ഉണ്ടെങ്കിലും ഏതുതരം മാലിന്യമായാലും എല്ലാം തള്ളുന്നത് കെപി റോഡിനു സമീപത്തെ കാടുകളിലും റോഡിന്റെ വശങ്ങളിലുമാണ്. പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും മുന്‍കൈയെടുത്ത് കാടുകള്‍ തെളിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.
ചാരുംമൂട് മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സ്ഥാപിച്ച കെപി റോഡിലെ കാമറകള്‍ നോക്കുകുത്തികളായി. അഞ്ചു വര്‍ഷം മുന്‍പ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കെപി റോഡില്‍ സാനിറ്റോറിയത്തിന്റെ റോഡ് വശങ്ങളിലും ചാരുംമൂടിന്റെ വിവിധ ഭാഗങ്ങളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സിസി കാമറകളാണ് നോക്കുകുത്തികളായത്. ഐടിബിപി ജംഗ്ഷന് മുതല്‍ കെപി റോഡില്‍ പാലൂത്തറ വരെയും കൊല്ലം-തേനി ദേശീയപാതയില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുതല്‍ ഫെഡറല്‍ ബാങ്കിനു സമീപം വരെയുമാണ് മാലിന്യം തള്ളുന്നത് കണ്ടെത്താന്‍ കാമറാകള് സ്ഥാപിച്ചത്.
ഇതോടൊപ്പം തന്നെ ഇരു റോഡുകളിലും പ്ലാസ്റ്റിക് മാലിന്യക്കൂടകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഇത് കാണാത്ത രീതിയിലാണ് ഇറച്ചി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചാക്കുകളില്‍ കെട്ടി രാത്രി അതിനു വെളിയില്‍ തള്ളിയത്. ഇത് നീക്കം ചെയ്യുന്നതിനായി പിന്നീട് പതിനായിരക്കണക്കിന് രൂപ ചെലവായി.