ഇന്നോവകാറിൽ മരണപ്പാച്ചിലിൽ യുവാക്കളുടെ സംഘം; നാട്ടുകാരുടെ സഹായത്തോടെ പോലീസ് വലയിലാക്കി
1574430
Wednesday, July 9, 2025 11:59 PM IST
അമ്പലപ്പുഴ: അമിത വേഗത്തിൽ യാത്ര ചെയ്ത് നിരവധി വാഹനങ്ങളിൽ തട്ടിയ ഇന്നോവ കാറിൽ സഞ്ചരിച്ച യുവാക്കളുടെ സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. കെഎൽ 01 സി എച്ച്-7629 എന്ന രജിസ്റ്റർ നമ്പരിലുള്ള ഇന്നോവ കാറാണ് അമ്പലപ്പുഴ പോലീസ് പിടികൂടിയത്.
കാറിലുണ്ടായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ആലിൻകടവ് പുന്നമൂട്ടിൽ അഖിൽ (26), ദിലീപ് ഭവനത്തിൽ സഞ്ജയ് (25), പ്രവീൺ നിവാസിൽ പ്രവീൺ (25), ഓച്ചിറ ചങ്ങംകുളങ്ങര ഗൗരി ഭവനിൽ ആദർശ് (23), ഷിയാസ് മൻസിലിൽ നിയാസ് (22), കാട്ടിൽ കടവ് തറയിൽ വീട്ടിൽ സൂരജ് (21) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 11.30നായിരുന്നു സംഭവം.
സുഹൃത്തുകളായ ഇവർ സഞ്ജയിയെ വിദേശത്തേക്ക് യാത്രയാക്കാൻ കൊച്ചിയിലേക്ക് പോകുകയായിരുന്നു. വലിയഴീക്കൽ പാലം കടന്ന് തീരദേശ റോഡുവഴി എത്തിയ ഇവർ സഞ്ചരിച്ച വാഹനം എതിരേ വന്ന മാരുതിക്കാറിൽ തട്ടി മാരുതിയുടെ ഒരു വശത്തെ കണ്ണാടി തകർന്നു.
ഇതിനുള്ള നഷ്ടപരിഹാരം നൽകി യാത്ര തുടർന്നതായി പോലീസ് പറഞ്ഞു. വീണ്ടുമുള്ള യാത്രയ്ക്കിടെ സ്കൂട്ടറിൽ തട്ടിയെങ്കിലും ഇവർ നിർത്താതെ പോയതായി നാട്ടുകാർ പറയുന്നു. ഇതിനിടെ സമീപത്തെ കടയിൽ നിർത്തി കുടിവെള്ളം വാങ്ങുന്നതിനിടെ നാട്ടുകാരുമായി വാക്കേറ്റമുണ്ടായി. നാട്ടുകാരെ അസഭ്യം പറഞ്ഞശേഷം വേഗത്തിൽ വാഹനമോടിച്ചുപോയ ഇവരുടെ പിന്നാലെ പല്ലന സ്വദേശികളായ ഒരു സംഘം നാട്ടുകാർ കാറിലും ഇരുചക്ര വാഹനങ്ങളിലുമായി ഇവരെ പിൻതുടർന്നു. വിവരമറിഞ്ഞ് അമ്പലപ്പുഴയിൽ വാഹനം തടയാൻനിന്ന പോലീസിനെ വെട്ടിച്ച് ഇന്നോവ കാർ മുന്നോട്ടു പാഞ്ഞു.
പോലീസ് ജീപ്പിന്റെ വശത്തെ കണ്ണാടി, ബംന്പർ എന്നിവ തകർത്ത് അമിത വേഗത്തിൽ മുമ്പോട്ടു പാഞ്ഞ കാർ കാക്കാഴം റയിൽവേ മേൽപ്പാലത്തിന്റെ വലത് ഫുട്പാത്തിൽ ഇടിച്ചു കയറി. വലതുവശം പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചു.
പിന്നീട് അഞ്ച് കിലോമീറ്ററോളം മുന്നോട്ട് ഓടിയ കാർ പുന്നപ്ര പോലീസ് സ്റ്റേഷന് സമീപത്തുനിന്ന് കിഴക്കോട്ട് പോയി കളരി ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് നിർത്തിയത്. കാറിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേരെ നാട്ടുകാർ പിടികൂടി പുന്നപ്ര സ്റ്റേഷനിലെത്തിച്ചു.
മറ്റു മൂന്നുപേരെ പിന്നാലെയെത്തിയ അമ്പലപ്പുഴ പോലീസും പിടികൂടി. അഖിലാണ് കാർ ഓടിച്ചതെന്ന് പോലീസ് പറഞ്ഞു. യുവാക്കൾക്കെതിരേ പൊതുമുതൽ നശിപ്പിച്ചതിനുൾപ്പടെ കേസെടുത്തു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.