പൊതുപണിമുടക്ക്: എടത്വയില്‍ ഹര്‍ത്താല്‍ പ്രതീതി
1574425
Wednesday, July 9, 2025 11:59 PM IST
എടത്വ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷകദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് എടത്വയില്‍ ഹര്‍ത്താല്‍ പ്രതീതിയുണ്ടാക്കി. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിലച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയും തുറന്നില്ല. നിര്‍മാണ മേഖലയിലെ തൊഴില്‍ശാലകളും പ്രവര്‍ത്തിച്ചില്ല. കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയില്‍നിന്ന് രാവിലെ രണ്ട് ട്രിപ്പുകള്‍ നടത്തിയെങ്കിലും പിന്നീട് സര്‍വീസുകള്‍ മുടങ്ങുന്ന കാഴ്ചയാണുണ്ടായത്. പ്രതിദിനം 22 ഷെഡ്യൂള്ഡുകളാണ് എടത്വ ഡിപ്പോയല്‍നിന്ന് നടന്നിരുന്നത്. പണിമുടക്ക് ചമ്പക്കുളം മൂലം വള്ളംകളിയെ ബാധിച്ചരുന്നു. അപ്പര്‍ കുട്ടനാട്ടില്നിന്നുള്ള വള്ളംകളി പ്രേമികള്‍ സര്‍വീസ് ഇല്ലാത്തതിനാല്‍ ഏറെ വലഞ്ഞു. സ്വകാര്യ വാഹനത്തിലും വള്ളത്തിലുമാണ് ചമ്പക്കുളം വള്ളംകളി കാണാന്‍ കാണികള്‍ എത്തിയത്. ഓട്ടോ, ടാക്സി, ലോറി ഡ്രൈവര്‍മാരും പണിമുടക്കില്‍ പങ്കെടുത്തു.
എടത്വയിലും പരിസര പഞ്ചായത്തുകളിലും കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. ഏതാനും മെഡിക്കല്‍ സ്റ്റോര്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് അവധി നല്കിയില്ലെങ്കിലും പഠനം നടന്നില്ല. ചില സ്കൂളുകളില്‍ ഏതാനും അധ്യാപകര്‍ എത്തിയെങ്കിലും ഒറ്റപ്പെട്ട വിദ്യാര്‍ഥികള്‍ മാത്രമാണ് എത്തിയത്. സ്വകാര്യ മാനേജ്മെന്റ് സ്കൂളിന് ചൊവ്വാഴ്ചതന്നെ അവധി നല്‍കിയിരുന്നു. പൊതുനിരത്തുകളില്‍ സ്വകാര്യ വാഹനങ്ങൾ കുറഞ്ഞതിനാല്‍ പൊതുജനങ്ങളും പുറത്തിറങ്ങാന്‍ മടിച്ചു. പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തെങ്കിലും ഹര്‍ത്താലിന്റെ പ്രതീതിയാണ് എങ്ങും പ്രകടമായത്.