ധന്യൻ മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ: ജന്മഗൃഹത്തിൽനിന്നു തീർഥാടന പദയാത്ര ആരംഭിച്ചു
1574429
Wednesday, July 9, 2025 11:59 PM IST
മാവേലിക്കര: മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തയും മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയുമായ ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് തിരുമേനിയുടെ 72-ാം ഓർമപ്പെരുന്നാളിന് മുന്നോടിയായി ജന്മ ഗൃഹത്തിൽനിന്നുള്ള തീർഥാടന പദയാത്ര ആരംഭിച്ചു.
മാർ ഈവാനിയോസ് തിരുമേനിയുടെ ജന്മഗൃഹമായ മാവേലിക്കര പുതിയകാവ് പണിക്കരുവീട്ടിൽനിന്നു തിരുവനന്തപുരം പട്ടത്തെ കബറിങ്കലിലേക്കുള്ള തീർഥാടന പദയാത്രയാണ് ഇന്നലെ രാവിലെ ആരംഭിച്ചത്. മാർ ഈവാനിയോസ് തിരുമേനിയുടെ മാതൃ ഇടവകയായ പുതിയകാവ് സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു .
തുടർന്ന് എംസിവൈഎം ഭദ്രാസന പ്രസിഡന്റ് റോഷൻ വർഗീസിന് മാത്യൂസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത വെള്ളിക്കുരിശും എംസിവൈഎം ഭദ്രാസന ജനറൽ സെക്രട്ടറി ജോബിൻ ജി. ജോണിന് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത പതാകയും കൈമാറിയതോടെ പദയാത്ര പ്രയാണം ആരംഭിച്ചു.
മാവേലിക്കര നഗരസഭാ ചെയർമാൻ നൈനാൻ സി. കുറ്റിശേരി, ഭദ്രാസന വികാരി ജനറൽ ഫാ. ജോബ് കല്ലുവിളയിൽ, യൂഹാനോൻ പുത്തൻവീട്ടിൽ റമ്പാൻ, ഫാ. കാലേബ് ചെറുവള്ളി, ഫാജോൺ പേരുപറമ്പിൽ എന്നിവർ പങ്കെടുത്തു.
എംസിവൈഎം മാവേലിക്കര ഭദ്രാസന സമിതിയുടെ നേതൃത്വത്തിലാണ് പദയാത്ര നടത്തുന്നത്.
കറ്റാനം , കടമ്പനാട് വഴി കൊല്ലം വൈദിക ജില്ലയുടെ പദയാത്ര സംഘത്തോടൊപ്പം ചേർന്ന്, പുത്തൂർ കുണ്ടറ, കല്ലുവാതുക്കൽ, ആറ്റിങ്ങൽ വഴി ദേശീയ പാതയിലൂടെ വിവിധ ഇടവകകൾ സന്ദർശിച്ച് 14ന് വൈകുന്നേരം ആറിന് പദയാത്ര പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ എത്തിച്ചേരും.