സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി
1574679
Thursday, July 10, 2025 11:17 PM IST
എടത്വ: സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയിലെ മൂന്നു പാക്കേജുകളുടെ പൂര്‍ത്തീകരണത്തിനായി അധികതുക അനുവദിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി തോമസ് കെ. തോമസ് എംഎല്‍എ അറിയിച്ചു.
കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പാക്കേജ് അഞ്ചില്‍ ഉള്‍പ്പെടുന്ന മുട്ടാര്‍, വെളിയനാട്, നീലംപേരൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഉന്നതതല ജലസംഭരണികളുടെ നിര്‍മാണം, വിതരണ ശൃംഖല സ്ഥാപിക്കല്‍, നിലവിലുള്ള ജലസംഭരണികളുടെ പുനരുദ്ധാരണ പ്രവൃത്തി എന്നിവയ്ക്ക് 52,92,84,964 രൂപയും പാക്കേജ് ഏഴില്‍ രാമങ്കരി, ചമ്പക്കുളം പഞ്ചായത്തിലെ ഓവര്‍ഹെഡ് ടാങ്കിന്റെയും വിതരണ ശൃംഖലയുടെയും നിര്‍മാണം, രാമങ്കരി ഓവര്‍ഹെഡ് ടാങ്ക് സൈറ്റില്‍ ഓണ്‍ലൈന്‍ ക്ലോറിന്‍ ബൂസ്റ്റര്‍, നിലവിലുള്ള ഓവര്‍ ഹെഡ് ടാങ്കിന്റെ പുനരുദ്ധാരണം, പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികള്‍ക്ക് 39,33,24,091 രൂപയും കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി രണ്ടാം ഘട്ടത്തില്‍ പാക്കേജ്-ഒന്‍പതില്‍ ഉള്‍പ്പെടുന്ന വീയപുരം പഞ്ചായത്തിലെ ഉന്നതതല ജലസംഭരണിയുടെ നിര്‍മാണം, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, എടത്വ ജല അഥോറിറ്റി ഓഫീസ് കെട്ടിടം എന്നിവയുടെ നിര്‍മാണം, പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തിക്ക് 5,90,70,537 രൂപയുമാണ് അനുവദിച്ചത്.
പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പുതുക്കിയ റേറ്റിന് അനുസരിച്ച് തുക അനുവദിക്കണമെന്നാവശ്യത്തിനാണ് അംഗീകാരം ലഭിച്ചത്.
ഒന്‍പത് പാക്കേജുകളിലായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിച്ചുവരുന്നതായും രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നും എംഎല്‍എ അറിയിച്ചു.