ജില്ലയിൽ സർക്കാർ മന്ദിരങ്ങൾ പലതും അത്യാസന്ന നിലയിൽ
1574431
Wednesday, July 9, 2025 11:59 PM IST
ആലപ്പുഴ: കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പലയിടങ്ങളിലും ഇളകി വീണു കമ്പി തെളിഞ്ഞു നില്ക്കുന്നു. ഒന്നാം നിലയില്‍ മുന്‍പ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഭാഗത്തേക്കുള്ള പടിക്കെട്ടിനു മുകളില്‍ കമ്പി തെളിഞ്ഞു. ഇവിടെ കോണ്‍ക്രീറ്റിലും ഭിത്തിയിലും ജലം ഊര്‍ന്നിറങ്ങി ചോര്‍ച്ചയുമായി. മേല്‍ക്കൂരയില്‍ ചെടികളും മരങ്ങളും പിടിച്ചു. ഡിപ്പോയുടെ പ്രധാന കെട്ടിടത്തിനു പുറത്താണു മിക്കവരും ബസ് കാത്തു നില്‍ക്കുന്നത്.
ഇത് ഒരു ഓഫീസിലെ മാത്രം പ്രശ്നമല്ല, പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന, ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളിലാണു ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ചിലയിടങ്ങളില്‍ പലതവണ പരാതി ഉന്നയിച്ചിട്ടും ഫലമില്ലാതെ വരുന്നതോടെ എല്ലാം സഹിച്ചു കഴിയേണ്ട സ്ഥിതിയിലാണ് ഉദ്യോഗസ്ഥര്‍.
കെട്ടിടത്തിന്റെ തെക്കുവശത്ത് യാത്രികര്‍ ബസ് കാത്തുനില്ക്കുന്ന ഭാഗത്തും മേല്‍ക്കൂര ഇളകിയിട്ടുണ്ട്. ഇവിടെ കെട്ടിടം ദ്രവിച്ച സ്ഥിതിയിലാണ്.
ശക്തമായ മഴയും കാറ്റുമുണ്ടായാല്‍ നിലംപൊത്താമെന്നതാണ് അവസ്ഥ. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം ഓഫിസ് പ്രവര്‍ത്തനങ്ങള്‍ സമീപത്തെ കെട്ടിടത്തിലേക്കു മാറ്റിയെന്നതു ജീവനക്കാര്‍ക്ക് ആശ്വാസമാണ്. എന്നാല്‍ ഇതേ കെട്ടിടത്തിനു താഴെ നില്‍ക്കേണ്ടി വരുന്ന യാത്രികര്‍ ഇപ്പോഴും അപകടാവസ്ഥയില്തന്നെ.
വിണ്ടുകീറി
കായംകുളം താലൂക്ക് ആശുപത്രി കെട്ടിടത്തിനും ബലക്ഷയം. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരങ്ങളും കുറ്റിച്ചെടികളും വളര്‍ന്നു ഭിത്തി വിണ്ടുകീറി. ആശുപത്രി ശുചിത്വത്തിനും മികച്ച പരിചരണത്തിനുമുള്ള കായകല്പ ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ നേടുമ്പോഴാണു മറുവശത്തു രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭീതിയുണ്ടാകും വിധം ഭിത്തി വിണ്ടുകീറുന്നത്.
20 വര്‍ഷം മാത്രം പഴക്കമുള്ള കെട്ടിടത്തില്‍ നൂറു കിടക്കകളുള്ള വാര്‍ഡിന്റെ വശങ്ങളിലാണു മരത്തിന്റെ വേര് ഇറങ്ങി പൊട്ടിപ്പൊളിയുന്നത്. ഡോക്ടര്‍മാരും നഴ്സുമാരും രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ തിങ്ങിനിറഞ്ഞു നില്ക്കുന്ന കാഴ്ചയാണ് മിക്കപ്പോഴും.
പുരസ്കാരങ്ങള്‍ നേടുന്നതിനുള്ള മത്സര ഓട്ടത്തില്‍ പുറംമിനുക്കല്‍ മാത്രമാണു നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. മരത്തിന്റെ ശിഖരങ്ങള്‍ മാറ്റുന്നതല്ലാതെ വേരോടെ പിഴുതു മാറ്റാന്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ പ്രശ്നത്തിനു ശാശ്വത പരിഹാരമകുന്നില്ല.
പൊളിഞ്ഞ നില
ഒരു സര്‍ക്കാര്‍ ഓഫീസിന്റെ നിര്‍മാണത്തിന്റെ പേരില്‍ മറ്റൊരു ഓഫീസ് അപകടാവസ്ഥയിലായ കഥയാണു മാവേലിക്കര സബ് റജിസ്ട്രാര്‍ ഓഫീസിന്റേത്. തമ്മില്‍ ബന്ധിപ്പിച്ച നിലയിലായിരുന്നു മാവേലിക്കര താലൂക്ക് ഓഫീസും സബ് റജിസ്ട്രാര്‍ ഓഫീസും.
പുതിയ കെട്ടിടം പണിയാനായി താലൂക്ക് ഓഫിസ് പൊളിച്ചതോടെ, സബ് റജിസ്ട്രാര്‍ ഓഫീസ് കെട്ടിട ഭാഗത്തിന്റെ പകുതി പൊളിഞ്ഞ നിലയിലായി. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും മേല്‍ക്കൂര ഇടിഞ്ഞു തുടങ്ങി.
ഭിത്തിയിലെ ടൈലുകള്‍ ഇളകി വീഴുന്ന അവസ്ഥയുമുണ്ട്. താലൂക്ക് ഓഫീസ് നിര്‍മാണത്തിനായി ഭൂമി വേര്‍തിരിച്ചതോടെ സബ് റജിസ്ട്രാര്‍ ഓഫിസിലേക്കുള്ള പ്രധാന വഴിയും അടഞ്ഞു. ഇതോടെ പടിഞ്ഞാറു വശത്തുള്ള വഴിയിലൂടെ മാത്രമേ ഓഫീസില്‍ എത്താനാകൂ. വണ്ടിയെത്തില്ലെന്നതിനാല് പ്രായമായവര്‍ക്ക് എത്താനും ബുദ്ധിമുട്ടായി.
ഇടിഞ്ഞു വീണു
ചേര്‍ത്തല താലൂക്ക് ഓഫീസില്‍ കാലപ്പഴക്കംകൊണ്ട് ഇടിഞ്ഞു വീഴാറായ ഓഫീസ് കെട്ടിടത്തിനുള്ളില്‍ ജീവന് പണയംവച്ചാണ് 70ലേറെ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ഫയലുകള്‍ സൂക്ഷിക്കാന്‍പോലും ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടം ഭിത്തികളില്‍ വിള്ളല്‍ വീണും ഓടുകള്‍ ഇളകിയും ഇടിഞ്ഞുവീണു തുടങ്ങി. കഴിഞ്ഞ വര്‍ഷം ഓഫീസിന്റെ വടക്കുഭാഗത്തുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു. വടക്കുഭാഗത്തുള്ള കെട്ടിടങ്ങളില്‍ ജോലി ചെയ്യാന്‍ കഴിയാത്തിനാല്‍ ഓഫീസ് പ്രവര്‍ത്തനം തെക്കു ഭാഗത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
ഓഫീസിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു വീണതോടെ സബ് ട്രഷറി ഓഫീസ് ഇവിടെനിന്നു മാറ്റി. മരപ്പട്ടി ശല്യവും രൂക്ഷമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പു താലൂക്ക് ഓഫീസ് കോംപ്ലക്സ് നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചെങ്കിലും താത്കാലികമായി പ്രവര്‍ത്തിക്കാന്‍ സൗകര്യം ഒരുക്കാന്‍ കഴിയാതെ വന്നതോടെ കോംപ്ലക്സ് നിര്‍മാണവും മുടങ്ങി. മറ്റൊരു സ്ഥലത്ത് ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്നാണു ജീവനക്കാരുടെ ആവശ്യം.