പണിമുടക്കിൽ തീരദേശ മേഖല പൂർണമായും സ്തംഭിച്ചു
1574427
Wednesday, July 9, 2025 11:59 PM IST
അമ്പലപ്പുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 24 മണിക്കൂർ ബന്ദിൽ തീരദേശ മേഖല പൂർണ്ണമായും സ്തംഭിച്ചു. ചാകര പ്രദേശമായ തോട്ടപ്പള്ളി ഹാർബറിൽ നിന്ന് ഭൂരിഭാഗം വള്ളങ്ങളും കടലിലിറക്കിയില്ല.
ഏതാനും ചില വള്ളങ്ങൾ പോയെങ്കിലും മൽസ്യ മൊന്നും ലഭിക്കാതെ രാവിലെ തന്നെ കരയണഞ്ഞു . പുറക്കാട്, പുന്തല, വളഞ്ഞവഴി, പുന്നപ്ര , പറവൂർ, വാടക്കൽ തീരങ്ങളിലെ നൂറുകണക്കിനു പൊന്തുകളും കരയിൽ തന്നെ സ്ഥാനം പിടിച്ചു.
ഇതോടെ മൽസ്യ ലേലം നടക്കുന്ന തോട്ടപ്പള്ളി ഹാർബറും, പുന്നാപ്ര ഫിഷ് ലാൻ്റ് സെൻ്ററും ശൂന്യമായി മൽസ്യ വാഹനങ്ങളും നിലത്തിറങ്ങിയില്ല. ഐ സ്ഫാക്റ്ററികളും പ്രവർത്തിച്ചില്ല.
തൃക്കുന്നപ്പുഴക്കും പുന്നപ്രക്കുമിടയിൽ നിരവധി ചെമ്മീൻ പീലിംഗ് സംസ്ക്കരണശാലകൾ ഉണ്ടെങ്കിലും അടഞ്ഞുകിടന്നു ആയിരക്കണക്കിനു സ്ത്രീ തൊഴിലാളികളാണ് ഇവിടം കൊണ്ട് ഉപജീവനം നടത്തുന്നത്.
ദേശിയ പാതയോരത്തെ മീൻ തട്ടുകളും പ്രവർത്തിച്ചില്ല. മൽസ്യബന്ധനം നിലച്ചതോടെ ഹാർബറുകളിലെ ചെറുകിട ചായക്കടകൾമുതൽ വെള്ളക്കടകൾവരെ അടഞ്ഞുകിടന്നു. ചിലയിടങ്ങളിൽ തുറന്ന കടകൾ പകൽ 11 ഓടെ സമരാനുകൂലികൾ അടപ്പിച്ചു.