മൂലം വള്ളംകളി: ചെറുതന രാജപ്രമുഖൻ
1574424
Wednesday, July 9, 2025 11:59 PM IST
മങ്കൊമ്പ്: ചമ്പക്കുളത്താറ്റിൽ ഇന്നലെ നടന്ന മൂലം ജലോത്സവത്തിൽ ന്യൂ ചെറുതന ബോട്ട് ക്ലബ്ബിന്റെ ചെറുതന പുത്തൻചുണ്ടൻ ജേതാവ്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ചമ്പക്കുളം ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനെ രണ്ടാം സ്ഥാനത്തേക്കു പിൻതള്ളിയാണ് ചെറുതന രാജപ്രമുഖൻ ട്രോഫി നേടിയത്. ഫൈനലിൽ അനായാസ വിജയമാണ് ചെറുതന ബോട്ട് ക്ലബ് തുഴഞ്ഞുനേടിയത്. എന്നാൽ ലൂസേഴ്സ് ഫൈനലിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്. നിരണം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് വലിയ ദിവാൻജിയാണ് മൂന്നാം സ്ഥാനം നേടിയത്.
ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിലാണ് കാണികളെ ഏറ്റവുമധികം ആവേശഭരിതാരാക്കിയത്. കാണികളും തുഴക്കാരും ഒരേപോലെ ആകാംക്ഷയിലായ മത്സരത്തിൽ കൈനകരി യുബിസിയുടെ ആയാപറമ്പ് പാണ്ടി ഒന്നാം സ്ഥാനം നേടി. ആദ്യപാദ മൽസരങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടെങ്കിലും നടുഭാഗം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനും, യുബിസി കൈനകരിയുടെ നടുഭാഗവും ഇഞ്ചോടിഞ്ചു മത്സരമാണ് കാഴ്ചവച്ചത്. ആയാപറമ്പ് പാണ്ടി ഒന്നാമതും, നടുഭാഗം രണ്ടാമതായും ഫിനിഷ് ചെയ്തു.
ചുണ്ടൻ വള്ളങ്ങളുടെ രണ്ടാം ഹീറ്റ്സ് മത്സരഫലം അസാധുവായതും കാണികളെ ആശങ്കയിലാക്കി. ആയാപറമ്പ് പാണ്ടിയും ചമ്പക്കുളം ചുണ്ടനും മത്സരത്തിനിടെ രണ്ടുതവണ ഒട്ടിച്ചേർന്നത് മൽസരത്തിന്റെ നിറംകെടുത്തി. തുടർന്ന് ജൂറി ഓഫ് അപ്പീൽ മത്സരം ഉപേക്ഷിക്കുകയും, വീണ്ടും നടത്താൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ആയാപറമ്പ് പാണ്ടി ചുണ്ടൻ പിന്മാറിയതോടെ ഹീറ്റ്സിൽ ഒന്നാമതെത്തിയ ചമ്പക്കുളം ചുണ്ടൻ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.
വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ അമ്പലക്കടവൻ ഒന്നാം സ്ഥാനവും നടുവിലേപറമ്പിൽ കൾച്ചറൽ ഡെവലപ്മെന്റ് സെന്റർ ആൻഡ് സൊസൈറ്റിയുടെ നവജ്യോതി രണ്ടാം സ്ഥാനവും കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്ബിന്റെ മണലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ കൊണ്ടാക്കൽ ബ്ലോട്ട് ക്ലബ്ബിന്റെ പിജി കരിപ്പുഴ ജേതാക്കളായപ്പോൾ കൊടുപ്പുന്ന ബോട്ട് ക്ലബ്ബിന്റെ ചിറമേൽ തോട്ടുകടവൻ രണ്ടാം സ്ഥാനം നേടി.
വൈശ്യംഭാഗം ബോട്ട് ക്ലബ്ബിന്റെ പുന്നത്രപുരയ്ക്കൽ മൂന്നാം സ്ഥാനത്തെത്തി. കൊടിക്കുന്നിൽ സുരേഷ് എംപി, തോമസ് കെ. തോമസ് എംഎൽഎ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. പൊതുപണിമുടക്ക് വള്ളംകളിയെ ഒട്ടും ബാധിച്ചില്ല. ആയിരങ്ങളാണ് അവധി മുതലാക്കി മത്സരം കാണാനെത്തിയത്.