ആനന്ദരാവായി "നീലാംബരി'; പിരിയാന്‍ മനസില്ലാതെ പ്രേക്ഷകര്‍
Wednesday, October 15, 2025 1:19 PM IST
പൂള്: പാട്ടും ആട്ടവും അരങ്ങുവാണ വേദിയില്‍ കലാമികവിന്റെ ആനന്ദരാവൊരുക്കി നീലാംബരി അഞ്ചാം സീസണ്. ജനപങ്കാളിത്തത്തിലും സംഘാടനമികവിലും അവതരണമികവിലും പുതുചരിത്രം രചിച്ച നീലാംബരി അഞ്ചാം സീസണ് പ്രവാസീ സമൂഹത്തിന് അവിസ്മരണമീയ കലാ നിമിഷങ്ങളാണ് സമ്മാനിച്ചത്.
യുകെയിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഗായകരും നര്‍ത്തകരും വിസ്മയമൊരുക്കിയ പരിപാടി ശനിയാഴ്ചയാണ് നടന്നത്. വിമ്പോണിലെ അലന്‍ഡെയ്ല്‍ കമ്യൂണിറ്റി സെന്ററായിരുന്നു വേദി. ഉച്ചയോടെ ആരംഭിച്ച പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണെത്തിയത്.

ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പരിധി കടന്നതോടെ അധികൃതര്‍ തിരക്കു നിയന്ത്രിക്കാന്‍ പാടുപെട്ടു. നിശ്ചയിച്ച സമയം അവസാനിച്ചിട്ടും കാണികള്‍ പിരിയാന്‍ തയാറാകാതെ വന്നതോടെ പരിപാടിയുടെ സമയപരിധി നീട്ടിയെടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
വിവിധ ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുപ്പതിലധികം ഗായകരാണ് നീലാംബരി വേദിയില്‍ പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ത്തത്. ഇതിനു പുറമേ മെയ് വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്ത നര്‍ത്തകരും അരങ്ങില്‍ മികവിന്റെ പകര്‍ന്നാട്ടം നടത്തി.
യുകെയിലെ സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്ത ഗായകര്‍ അവതരിപ്പിച്ച സംഗീത നിശയും ശ്രദ്ധേയമായി. വൈകുന്നേരം അഞ്ചിന് നടന്ന ചടങ്ങില്‍ മനോജ് മാത്രാടന്‍, ആദില്‍ ഹുസൈന്, സുമന് എന്നിവര്‍ ചേര്‍ന്ന് പരപാടിയുടെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.

പുതുമുഖ പ്രതിഭകള്‍ക്ക് അവസരം നൽകാന് സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഓരോ വര്‍ഷവും ജനപങ്കാളിത്തമേറുന്നത് തങ്ങളുടെ ഉദ്യമത്തിനു കിട്ടിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും നീലാംബരിക്കു നേതൃത്വം കൊടുക്കുന്ന മനോജ് മാത്രാടന്‍ പറഞ്ഞു.