ഫാമിലി കോൺഫറൻസും ടീൻസ്പേസും വെള്ളിയാഴ്ച മുതൽ
Tuesday, October 21, 2025 10:50 AM IST
ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററും സംയുക്തമായി മലയാളി കുടുംബങ്ങൾക്കായി ഫാമിലി കോൺഫറൻസും കൗമാരക്കാരായ വിദ്യാർഥികൾക്കായി ടീൻസ്പേസും സംഘടിപ്പിക്കുന്നു.
"വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന വിഷയത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ ദോഹ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ വച്ചാണ് ഫാമിലി കോൺഫറൻസ് സംഘടിപ്പിച്ചിട്ടുള്ളത്.
കെട്ടുറപ്പുള്ള ഒരു സമൂഹത്തെ നിലനിർത്തുന്നതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കുടുംബം എന്ന സങ്കൽപ്പത്തെ നിരാകരിക്കുകയും അധാർമികതയുടെ വിളനിലമായി മാനവിക സമൂഹത്തെ മാറ്റുകയും ചെയ്യാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ വിശ്വാസ വിശുദ്ധി നേടുന്നതിലൂടെ സംതൃപ്തമായ ഒരു കുടുംബാന്തരീക്ഷം നേടിയെടുക്കാൻ സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം 6.30നു ഏഷ്യൻ ടൌൺ ക്രിക്കറ്റ് സ്റ്റേഡിയം വിഐപി റീക്രീഷൻ ഹാളിൽ കൗമാരക്കാരായ വിദ്യാർഥികൾക്ക് മാത്രമായി നടത്തപ്പെടുന്ന ടീൻസ്പേസ് പരിപാടി നടക്കും.
നൈതികമായ ജീവിത മൂല്യങ്ങളും ധാർമിക പാഠങ്ങളും പുതിയ തലമുറയ്ക്ക് പകർന്നു നല്കുകയും ലഹരി പോലുള്ള മാരകമായ സാമൂഹിക തിന്മകളെക്കുറിച്ചു അവർക്ക് വ്യക്തമായ അവബോധം നൽകുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ മുഖ്യമായ ലക്ഷ്യം.
കൂടാതെ കൗമാരക്കാരായ വിദ്യാർഥികൾ നേരിടുന്ന വിവിധങ്ങളായ മാനസിക വെല്ലുവിളികൾക്കുള്ള പ്രതിവിധിയും സമ്മേളനം ചർച്ച ചെയ്യും.
ഫാറൂഖ് ട്രെയിനിംഗ് കോളജ് പ്രഫസറും കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനുമായ ഡോ. ജൗഹർ മുനവ്വറാണ് രണ്ടു പരിപാടികളിലും വിഷയാവതരണം നടത്തുന്നത്.
ടീൻസ്പേസിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് അദ്ദേഹവുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശദ വിവരങ്ങൾക്കായി 6000 4485 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.