രാജ്യതലസ്ഥാനത്ത് കൃത്രിമ മഴ വൈകും
Wednesday, October 22, 2025 12:50 PM IST
ന്യൂഡൽഹി: മലിനീകരണം വീണ്ടും രൂക്ഷമായ രാജ്യതലസ്ഥാനത്ത് ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയിലൂടെ കൃത്രിമമഴ പെയ്യിക്കാനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതി വൈകും.
കാലാവസ്ഥ അനുകൂലമായതിനാൽ ഈ മാസം 24നും 26നുമിടയ്ക്കു കൃത്രിമമഴ പെയ്യിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ആദ്യം വാർത്തകൾ പുറത്തുവന്നതെങ്കിലും അനുകൂലമായ കാലാവസ്ഥ ഇല്ലാത്തതിനാൽ പരീക്ഷണം വൈകുമെന്നാണ് സംസ്ഥാന പരിസ്ഥിതി മന്ത്രി മൻജീന്തർ സിംഗ് സിർസ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
ക്ലൗഡ് സീഡിംഗിൽ ആദ്യം ക്ലൗഡാണ് വരുന്നതെന്നും പിന്നീടാണ് സീഡിംഗ് വരുന്നതെന്നും മേഘങ്ങളുള്ളപ്പോൾ മാത്രമേ പരീക്ഷണം നടത്താൻ കഴിയൂവെന്നും സിർസ പറഞ്ഞു. കാലാവസ്ഥാവകുപ്പ് കൂടി അനുമതി നൽകിക്കഴിഞ്ഞാൽ ദീപാവലിക്കുശേഷം ഡൽഹിയിൽ കൃത്രിമമഴ പെയ്യിക്കുമെന്നായിരുന്നു സിർസ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നത്.
ക്ലൗഡ് സീഡിംഗ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ള പ്രദേശത്തിനു ചുറ്റും പൈലറ്റുമാർ ഇതിനോടകം പരീക്ഷണപ്പറക്കലുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും വിമാനങ്ങളിൽ ക്ലൗഡ് സീഡിംഗിനായുള്ള ഉപകരണങ്ങളെല്ലാം ഘടിപ്പിച്ചിട്ടുണ്ടെന്നും സിർസ അറിയിച്ചിരുന്നു.
എന്നാൽ ഡൽഹിയിലെ ആദ്യ ക്ലൗഡ് സീഡിംഗിന് ഇനിയും കാത്തിരിക്കണമെന്നാണ് മന്ത്രിയുടെ ഇന്നലത്തെ വാർത്താസമ്മേളനം വ്യക്തമാക്കിയത്. അതിനിടെ ദീപാവലിക്കുശേഷമുള്ള ദിവസവും ഡൽഹിയിലെ വായുനിലവാരം ’വളരെ മോശം’ സഥിതിയിൽത്തന്നെ തുടരുകയാണ്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് 359 ആയിരുന്നു ചൊവ്വാഴ്ച ഡൽഹിയിലെ ശരാശരി വായുഗുണനിലവാരസൂചിക (എക്യുഐ).
എന്താണ് ക്ലൗഡ് സീഡിംഗ്?
കൃത്രിമമായി മഴ പെയ്യിക്കാനായി മേഘങ്ങളിൽ സിൽവർ അയോഡൈഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കൾ തളിക്കുന്നതാണ് ക്ലൗഡ് സീഡിംഗ്. വിമാനങ്ങളിൽ പ്രത്യേകം ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ കൊണ്ടാണ് സാധാരണയായി ക്ലൗഡ് സീഡിംഗ് നടത്തുന്നത്.
1940കൾ മുതലേ മേഘങ്ങളിൽനിന്ന് കൃത്രിമമഴ പെയ്യിക്കാനുള്ള പരീക്ഷണങ്ങൾ നടത്തിവന്നിരുന്നു. വരൾച്ചക്കാലത്ത് മഴ ലഭിക്കാനും ഉഷ്ണതരംഗങ്ങളുടെ ആഘാതം കുറയ്ക്കാനും വിമാനത്താവളങ്ങൾക്കടുത്തുള്ള ആലിപ്പഴം വീഴ്ചയും മഞ്ഞും നിയന്ത്രിക്കാനുമെല്ലാം ഇന്ന് വിവിധ രാജ്യങ്ങൾ ക്ലൗഡ് സീഡിംഗ് നടത്തുന്നു.
ഡൽഹിയിൽ ആദ്യമായിട്ടാണെങ്കിലും മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനുമുന്പ് ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.