നിയമപോരാട്ടത്തിൽ വൊഡാഫോണ്‍ ഐഡിയയ്ക്കു വിജയം
Friday, September 25, 2020 10:40 PM IST
മുംബൈ: ഇന്ത്യയിലെ നികുതി വിഭാഗത്തിനെതിരേ എട്ടുവർഷത്തിലേറെയായി നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ടെലികോം കന്പനി വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡിനു വിജയം.
2007ൽ ഹച്ചിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുത്തതിന്റെ നികുതി വൊഡാഫോണ്‍ അടയ്ക്കണമെന്ന് നികുതിവിഭാഗം ഉത്തരവിറക്കിയതോടെയാണ് കേസിന്റെ തുടക്കം. ഇതേത്തുടർന്ന് കന്പനി സുപ്രീകോടതിയെ സമീപിച്ചു. മുൻപ് പൂർത്തിയായ ഇടപാടുകൾക്ക് മുൻകാല പ്രാബല്യത്തോടെ നികുതിബാധ്യത ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു സുപ്രീകോടതിയുടെ ഉത്തരവ്.
എന്നാൽ, അധികൃതർക്ക് അധികാരം നൽകുന്ന വിധത്തിൽ, ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തുകയാണ് സർക്കാർ ചെയ്തത്. തുടർന്ന് കേന്ദ്ര നികുതി വിഭാഗം, 2007ലെ ഇടപാടിന്റെ നികുതി അടയ്ക്കാത്തതിനു പിഴയും മറ്റും ചേർത്ത് 20,000 കോടിയിലേറെ അടയ്ക്കാൻ വൊഡാഫോണിനോട് ആവശ്യപ്പെടുകയായിരുന്നു. ഈ നടപടിയാണ് കന്പനി അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയിൽ ചോദ്യം ചെയ്തത്. നികുതി വിഭാഗം 54.7 ലക്ഷം ഡോളർ വൊഡാഫോണിന് നഷ്ടപരിഹാരം നൽകണമെന്നും ട്രിബ്യൂണൽ ഉത്തരവിട്ടു.