ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച് മേരി കോം സെമിയിൽ
Thursday, October 10, 2019 12:21 PM IST
ഉലൻ ഉദേ (സൈബീരിയ): ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോം ഒരിക്കൽ കൂടി മെഡൽ ഉറപ്പിച്ച് സെമിഫൈനലിൽ കടന്നു. ഇത് എട്ടാം തവണയാണ് മേരി കോം ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിക്കുന്നത്.

51 കിലോഗ്രാം വിഭാഗത്തിന്‍റെ ക്വാർട്ടർ ഫൈനലിൽ റിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയെ തോൽപ്പിച്ചാണ് മേരി കോം സെമി ബർത്ത് നേടിയത്. സെമിയിൽ തോറ്റാലും മേരിക്ക് വെങ്കല മെഡൽ ലഭിക്കും.

എട്ട് ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേടുന്ന ആദ്യ ബോക്സർ എന്ന അപൂർവ റെക്കോർഡാണ് ഇതോടെ മേരി കോമിനെ തേടിയെത്തിയത്. ക്യൂബയുടെ ഇതിഹാസ പുരുഷ താരം ഫെലിക്സ് സാവോണിനൊപ്പം ഏഴ് മെഡലുമായി മേരി റെക്കോർഡ് പങ്കിടുകയായിരുന്നു ഇതുവരെ.




കഴിഞ്ഞ തവണ വരെ 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി മത്സരിച്ചിരുന്നത്. ഈ വിഭാഗത്തിൽ ആറ് തവണ സ്വർണവും ഒരു വെള്ളിയുമാണ് മേരിയുടെ സമ്പാദ്യം. പുതിയ വിഭാഗത്തിലേക്ക് മാറ്റം വരുത്തി മത്സരിച്ചപ്പോഴും മേരി മെഡൽ കൊയ്ത്ത് തുടരുകയാണ്.

ശനിയാഴ്ചയാണ് മേരിയുടെ സെമി പോരാട്ടം. രണ്ടാം സീഡ് തുർക്കിയുടെ ബുസനാസ്
ചകിർഓഗ്ളുവാണ് സെമിയിൽ മേരിയുടെ എതിരാളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.