കുരുക്കഴിയാതെ കുതിരാൻ; വീർപ്പുമുട്ടി ജനം
കുരുക്കഴിയാതെ കുതിരാൻ; വീർപ്പുമുട്ടി ജനം
Wednesday, October 16, 2019 5:02 PM IST
വ​ട​ക്ക​ഞ്ചേ​രി: കുതിരാനിൽ വാഹന ഗതാഗതം സ്തംഭിക്കുന്നത് തുടർക്കഥയാവുകയാണ്. ഇന്നും വലിയ ഗതാഗതക്കുരുക്കാണ് കുതിരാനിലുണ്ടായത്. ആ​യി​ര​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും പുലർച്ചെ ത​ന്നെ മ​ണി​ക്കൂ​റു​ക​ൾ വ​ഴി​യി​ൽ കു​ടു​ങ്ങി.

തൃ​ശൂ​ർ-​പാ​ല​ക്കാ​ട്, തൃ​ശൂ​ർ-ഗോ​വി​ന്ദാ​പു​രം, തൃ​ശൂ​ർ-​കൊ​ഴി​ഞ്ഞാ​ന്പാ​റ, തൃ​ശൂ​ർ-വാ​ണി​യ​ന്പാ​റ, ക​ണ്ണ​ന്പ്ര, എ​ള​നാ​ട്, ചേ​ല​ക്ക​ര തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ൽ ബ​സ് സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി. രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​വ​രും തൊ​ഴി​ലാ​ളി​ക​ളും ദൂ​ര​യാ​ത്ര ചെ​യ്യേ​ണ്ട​വ​രും വി​ദ്യാ​ർ​ഥി​ക​ളും രോ​ഗി​ക​ളു​മെ​ല്ലാം വ​ഴി​യി​ൽ​പ്പെ​ട്ടു. പുലർച്ചെ ആറിന് തുടങ്ങിയ ഗതാഗതക്കുരുക്ക് മാറിവന്നത് പത്തിന് ശേഷമാണ്.

കുഴികൾ നിറഞ്ഞ റോഡും, കു​ഴി​ക​ളി​ൽ ചാ​ടി പ​ല​യി​ട​ത്താ​യി വാ​ഹ​ന​ങ്ങ​ൾ കേടായി കിടക്കുന്നതും കുതിരാനിൽ പതിവ് കാഴ്ചയാണ്. ഇ​തി​നി​ടെ കു​ടു​ങ്ങി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കുന്ന സംഭവങ്ങളും ഉ​ണ്ടാ​കു​ന്നു​ണ്ട്. കൊ​ന്പ​ഴ​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചത് കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി.

ഹൈെ​വേ പോ​ലീ​സും പീ​ച്ചി പോ​ലീ​സും കു​തി​രാ​ൻ ജ​ന​കീ​യ​വേ​ദി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ച് വി​ട്ട​ത്. ക​ണ്ടെ​യ്ന​ർ പോ​ലെ​യു​ള്ള നീ​ളം കൂ​ടി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ഇ​ട​പ്പെ​ട്ട് ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ പി​ടി​ച്ചി​ട്ടാ​ണ് കു​രു​ക്ക് കുറച്ചത്.

കഴിഞ്ഞ രാ​ത്രി​യും ഇ​ന്ന് പുലർച്ചെയും കൊ​ന്പ​ഴ, ഇ​രു​മ്പുപാലം ഭാ​ഗ​ത്താ​ണ് വാ​ഹ​ന കു​രു​ക്ക് രൂ​ക്ഷ​മാ​യ​ത്. ഇ​വി​ടെ നിന്നും വാ​ണി​യ​ന്പാ​റ വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ നീണ്ടനിര കാണാമായിരുന്നു. വ​ഴു​ക്കും​പാ​റ ഭാ​ഗ​ത്ത് കു​രു​ക്ക് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ നി​ര​ങ്ങി നീങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. എ​ന്നാ​ൽ രാ​ത്രി ഇവിടെ വാഹനങ്ങൾ നീങ്ങാൻ കഴിയാതെ റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.

ദി​വ​സ​വും കു​തി​രാ​ൻ വ​ഴി​യാ​ത്ര ചെ​യ്യു​ന്ന​വ​ർ വലിയ പ്രതിസന്ധിയിലാണ്. ഈ റോഡ് വഴി യാത്ര ചെയ്യുന്നവർക്ക് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ തൊ​ഴി​ൽ ന​ൽ​കാ​ത്ത സാഹചര്യം വരെയുണ്ട്. മാ​സ​ങ്ങ​ളാ​യി സ​മ​യ​ത്ത് ജോ​ലി​ക്ക് എ​ത്തു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്ന​ത്. സ​മ​യ​ത്തി​ന് ക്ലാ​സി​ൽ എ​ത്താ​നാ​കാ​തെ വി​ദ്യാ​ർ​ഥി​ക​ളും വ​ലി​യ വി​ഷ​മ​ത്തി​ലാ​ണ്.

പെ​ണ്‍​മ​ക്ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും വലിയ മാനസിക സംഘർഷത്തിലാണ്. വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യാ​ൽ പി​ന്നെ ഇ​ട​ക്കി​ടെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ടാ​ണ് ഓ​രോ ദി​വ​സ​വും മ​ക്ക​ളു​ടെ യാ​ത്ര​ക​ൾ ര​ക്ഷി​താ​ക്ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

ന​ല്ല ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത വ​ട​ക്ക​ഞ്ചേ​രി ഉ​ൾ​പ്പെ​ടു​ന്ന ത​രൂ​ർ, നെ​ന്മാ​റ, ആ​ല​ത്തൂ​ർ തു​ട​ങ്ങി​യ മൂ​ന്ന് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും ജി​ല്ല​യി​ലെ മ​റ്റു നൂ​റു ക​ണ​ക്കി​നാ​ളു​ക​ളും രോ​ഗ​ങ്ങ​ൾ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​ക​ൾ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​നെയും ജൂ​ബി​ലി മി​ഷ​ൻ പോ​ലെ​യു​ള്ള മ​റ്റു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യു​മാ​ണ്. എ​ന്നാ​ൽ പ​രി​ഹാ​രം കാ​ണാ​ത്ത വി​ധം കു​തി​രാ​നി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന വാ​ഹ​ന കു​രു​ക്ക് പാ​വ​പ്പെ​ട്ട രോ​ഗി​ക​ളേ​യും ആ​ശ്രി​ത​രെ​യു​മെ​ല്ലാം വ​ല്ലാ​തെ വ​ല​ക്കു​ന്നു​ണ്ട്.

കൊ​ന്പ​ഴ ​മു​ത​ൽ വ​ഴു​ക്കും​പാ​റ വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തെ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യാ​ൽ തീ​രു​ന്ന പ്ര​ശ്ന​മാ​ണ് ഇ​ത്ത​ര​ത്തി​ൽ നീ​ട്ടി​കൊ​ണ്ടുപോ​യി ജ​ന​ങ്ങ​ളെ ക​ഷ്ട​പ്പെ​ടു​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ ജ​ന​പ്ര​തി​നി​ധി​ക​ളോ വിഷയത്തിൽ വേ​ണ്ടവി​ധം ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.