ഇലഞ്ഞി: ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ് സിൽവർജൂബിലി നിറവിൽ. ചെറിയൊരു തുടക്കമായ സ്കൂൾ ഇന്ന് ആയിരത്തിഞ്ഞൂറിലേറെ കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി വളർന്നു. 2001 ജൂൺ 25ന് അന്നത്തെ ധനകാര്യ മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്ത സ്കൂളിൽ ഇന്ന് പ്ലേ സ്കൂൾ മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ നടക്കുന്നു.
ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ, ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ കോർട്ട്, ഷട്ടിൽ കോർട്ടുകൾ, ഫുട്ബോൾ കോർട്ട്, റോളർ സ്കേറ്റിംഗ്, കരാട്ടെ, യോഗ തുടങ്ങിയവയെല്ലാം പ്രത്യേക സ്ഥലങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു.
ഇരുപത്തയ്യായിരത്തോളം പുസ്തകങ്ങളുള്ള ബ്രഹത് ലൈബ്രറി, വിവിധ ലാബുകൽ, ആധുനിക സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ റൂമുകൾ, ഡിജിറ്റൽ ക്ലാസ് റൂമുകൾ എന്നിവ സ്കൂളിന്റെ പ്രത്യേകതയാണ്. ജൂബിലി ആഘോഷങ്ങൾ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയൂസും പെരുമ്പടവം ശ്രീധരനും ചേർന്ന് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.
എംജി സർവകലാശാല സിൻഡിക്കറ്റ് മെംബറും കോട്ടയം ബസേലിയോസ് കോളജ് പ്രിൻസിപ്പലുമായ ഡോ. ബിജു തോമസ് അധ്യക്ഷത വഹിച്ചു. ഡോ. തോമസ് കുരുവിള മുഖ്യപ്രഭാഷണം നടത്തി.
ഡോ. സെൽവി സേവ്യർ, ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, ഓർത്തഡോക്സ് സഭാ കോളജുകളുടെ മാനേജർ ഡോ.എം.ഇ. കുര്യാക്കോസ്, പാമ്പാടി കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ഷൈല ഏബ്രഹാം, ഡോ.ഷേർളി കുര്യൻ, ഉഴവൂർ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ഫ്രാൻസിസ് സിറിയക് തുടങ്ങിയവർ പ്രസംഗിച്ചു.