കോട്ടയം: ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാര്‍ഡ് പദ്ധതിയുമായി സപ്ലൈകോ. വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ ടീം അംഗങ്ങള്‍ക്ക് ഓണസമ്മാനമായി നല്കാന് സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാര്‍ഡുകളും വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, ഒമ്പത് ശബരി ഉത്പന്നങ്ങള്‍ അടങ്ങിയ ശബരി സിഗ്നേച്ചര്‍ കിറ്റ് എന്നിവയാണ് സപ്ലൈകോ നല്കുന്ന കിറ്റുകള്‍. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകളും വിതരണത്തിനായി തയാറായി.
500 രൂപയുടെയോ 1000 രൂപയുടെയോ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സപ്ലൈകോയുടെ വില്പനശാലകളില് നിന്നും ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ ഒക്ടോബര്‍ 31വരെ വാങ്ങാം. ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് 1000 രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്ക്കുമാണ് സപ്ലൈകോ നല്‍കുന്നത്.
ഓണക്കാലത്ത് ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും റെസിഡന്റ്സ് അസോസിയേഷനുകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്ന വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്കും സപ്ലൈകോയുടെ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ജില്ലയിലെ വിവിധ സ്ഥാപനങ്ങളും റെസിഡന്റ്സ് അസോസിയേഷനുകളും ക്ലബുകളും പദ്ധതിയില്‍ സപ്ലൈകോയുമായി കൈകോര്‍ത്തിട്ടുണ്ട്.
ഓണക്കാലത്ത് സപ്ലൈകോ വില്പന ശാലകളില്‍ 32 പ്രമുഖ ബ്രാന്‍ഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളോ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവോ നല്‍കും. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കിച്ചന് ട്രഷേഴ്സ്, ഐടിസി, ജ്യോതിലാബ് തുടങ്ങിയ മുന്‍നിര കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് ഓഫറുകളുമുണ്ട്. സോപ്പ്, ഡിറ്റർജന്റുകള്‍, ബ്രാന്‍ഡഡ് ഭക്ഷ്യ - ഭക്ഷ്യേതര ഉത്പന്നങ്ങള്‍ എന്നിവയ്ക്കും വലിയ ഓഫറുകളുണ്ട് . ഓണക്കാലത്ത്1000 രൂപയിലധികം സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി ലക്കിഡ്രോയുമുണ്ട്.
സമൃദ്ധി 18 ഇന കിറ്റ്
അരി , പഞ്ചസാര, തുവരപ്പരിപ്പ് , ചെറുപയര്‍ പരിപ്പ് , ശബരി ബ്രാന്‍ഡിലെ ഗോള്‍ഡ് തേയില, കടുക്, ഉലുവ , ജീരകം , മഞ്ഞള്‍പൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്സ്, മില്‍മ നെയ്യ്, കിച്ചന് ട്രഷേഴ്സ് സാമ്പാര്‍ പൊടി, ആശീര്‍വാദ് ആട്ട, ശര്‍ക്കരപ്പൊടി, കിച്ചന് ട്രഷേഴ്സ് മാങ്ങ അച്ചാര്‍, കടല.
സമൃദ്ധി മിനി കിറ്റ്
അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, ശബരി ബ്രാന്‍ഡിലെ കടുക്, മഞ്ഞള്‍പ്പൊടി, പായസം മിക്സ്, മില്‍മ നെയ്യ്, കിച്ചന് ട്രഷേഴ്സ് സാമ്പാര്‍പൊടി, ശര്‍ക്കരപ്പൊടി .
ശബരി സിഗ്നേച്ചര്‍ കിറ്റ്
ശബരി ബ്രാന്‍ഡിലെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/ സേമിയ പായസം മിക്സ്, പുട്ടുപൊടി .