പാലാ: മുപ്പതോളം തദ്ദേശ സ്വയംഭരണ സ്ഥാപന തലവന്മാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കേണ്ട മീനച്ചില്‍ താലൂക്ക് വികസനസമിതിയില്‍ ഹാജര്‍നില കുറവ്.
പാലാ മുനിസിപ്പാലിറ്റി, ബ്ലോക്ക്, പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രതിനിധികളും വിവിധ സര്‍ക്കാര്‍ വകുപ്പ് തലവന്മാരും പങ്കെടുക്കേണ്ട താലൂക്ക് വികസന സമിതി കഴിഞ്ഞ ദിവസം കൂടിയപ്പോള്‍ പങ്കെടുത്തവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. അത്യാവശ്യം പങ്കെടുക്കേണ്ട പിഡബ്ല്യുഡി, വൈദ്യുതി വിഭാഗം ചുമതലക്കാര്‍ എംഎല്‍എയുടെ നേരിട്ടുള്ള ചോദ്യത്തിന്റെ ഫലമായാണ് കഴിഞ്ഞ ദിവസത്തെ യോഗത്തിന് എത്തിയത്.
എന്തൊരു പ്രഹസനമാണ്!
നാട്ടിലെ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനും അധികാരമുള്ള താലൂക്ക് വികസനസമിതി പലപ്പോഴും പ്രഹസനമാകുന്നതായി ആക്ഷേപമുണ്ട്. എല്ലാ മാസവും ആദ്യ ശനിയാഴ്ചയാണ് യോഗം ചേരുന്നത്.
റവന്യു, പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യവകുപ്പ്, പൊതുമരാമത്ത്, റോഡ്സ്, വൈദ്യുതി, ജലഅഥോറിറ്റി, വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ തലവന്മാര് പങ്കെടുക്കണമെന്നാണ് നിര്‍ദേശം. അല്ലെങ്കില്‍ പകരക്കാരെ വിടണം. 22 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റിയും ഉഴവൂര്‍, ളാലം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് താലൂക്ക് വികസന സമിതി. താലൂക്ക് അതിര്‍ത്തിയിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണം.
എന്നാല്‍, ഇതുവരെ ഒരു യോഗത്തിലും പങ്കെടുക്കാത്ത അംഗങ്ങളുമുണ്ട്. നിയമസഭയില്‍ പ്രാതിനിധ്യമുള്ള അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുക്കണം.