ചങ്ങനാശേരി: പുന്നമടക്കായലില്‍ 30ന് നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തിലും തുടര്‍ന്നുള്ള ലീഗ് മത്സരങ്ങളിലും വിജയക്കൊടി പാറിക്കാന്‍ സിബിസി സജ്ജമായതായി ഡയറക്ടര്‍മാരായ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജോഫി പുതുപ്പറമ്പ്, ഫാ. ലിപിന്‍ തുണ്ടുകളം, ക്യാപ്റ്റന്‍ സണ്ണി തോമസ് ഇടിമണ്ണിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശേരിയുടെ പെരുമ ലോകം മുഴുവന്‍ എത്തിക്കുന്നതിനും മാനവികത വളര്‍ത്തുന്നതിനും പരമാവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ട് മീഡിയാ വില്ലേജിന്റെ ആഭിമുഖ്യത്തില്‍ വളര്‍ന്നു വരുന്ന കൂട്ടായ്മയ്ക്കാണ് സിബിസി നേതൃത്വം നല്‍കുന്നത്. ഇക്കുറി ചമ്പക്കുളം ചുണ്ടനില്‍ മത്സരിക്കുന്ന സിബിസിയെ വിജയകിരീടം അണിയിക്കാനുള്ള സര്‍വവിധ പിന്തുണയുമായി ഫാന്‍സ് അസോസിയേഷനും സജീവമായി രംഗത്തുണ്ട്.
സിബിസി ഫാന്‍സ് അസോസിയേഷൻ സമ്മേളനം ഒമ്പതിന്
ഒമ്പതിന് വൈകുന്നേരം അഞ്ചിന് കുരിശുംമൂട് മീഡിയാ വില്ലേജില്‍ നടക്കുന്ന ഫാന്‍സ് അസോസിയേഷന് ജനറല്‍ ബോഡി സമ്മേളനം നെഹ്റു ട്രോഫി മാധ്യമ അവാര്‍ഡ് ജേതാവ് ബിദിന്‍ എം. ദാസ് ഉദ്ഘാടനം ചെയ്യും.
ഏഴിന് രാവിലെ ഒമ്പതിന് ചുണ്ടന് വള്ളം ചമ്പക്കുളത്തുനിന്ന് ഘോഷയാത്രയായി കിടങ്ങറയില്‍ എത്തിക്കും. ഒമ്പത്, പത്ത് തീയതികളില്‍ സെലക്ഷന് ട്രയല്‍ നടക്കും. 11ന് ആരംഭിക്കുന്ന ക്യാമ്പ് 14 വരെ തീയതികളില്‍ തീവ്ര പരിശീലനവും 14, 15 തീയതികളില്‍ വള്ളംകളി പ്രഫഷണലുകളെ അണിനിരത്തിയുള്ള പരിശീലനവും നടക്കും.
15ന് ട്രയല്‍ മത്സരം
15ന് നടക്കുന്ന ട്രയല്‍ മത്സരത്തിന്റെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിക്കും. അന്നേദിവസം തന്നെ സിബിസി ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചുണ്ടന്‍വള്ളത്തിന്റെ വെഞ്ചരിപ്പും നടക്കും. 23ന് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന വിളംബര പ്രയാണം മീഡിയാ വില്ലേജില്‍നിന്ന് ആരംഭിച്ച് പെരുന്നയില്‍ സമാപിക്കും.
പരിപാടികളുടെ വിജയത്തിനായി ലോകമെങ്ങുമുള്ള ചങ്ങനാശേരിക്കാരെ സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു. പത്രസമ്മേളനത്തില്‍ സിബിസി പ്രസിഡന്റ് ജയിംസ് കല്ലുപാത്ര, സെക്രട്ടറി തോമസ് കൊടുപ്പുന്നക്കളം, ലീഡിംഗ് ക്യപ്റ്റന്‍ ബൈജപ്പന്‍ ചേന്നങ്കരി, പിആര്‍ഒ ബിനീഷ് തോമസ് എന്നിവും ഓര്‍നൈസിംഗ് കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.
നീക്കിയിരിപ്പ് തുക കാന്‍സര്‍ കെയര്‍ ഫണ്ടിലേക്ക്
2024ലെ നെഹ്റു ട്രോഫിയില്‍ പങ്കെടുത്ത സിബിസിയുടെ ചെലവുകഴിച്ചുള്ള രണ്ടുലക്ഷം രൂപ കാന്‍സര്‍ കെയര്ഫണ്ടായി കുറിച്ചി, വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളുടെയും ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെയും സിഡിഎസ് ചെയര്‍പേഴ്സണ്‍,
വൈസ് ചെയര്‍ പേഴ്സണ്‍ എന്നിവർക്ക് ഡയറക്ടര്‍ബോര്‍ഡംഗങ്ങളായ ഷാജി പാലാത്ര, ടോമി അര്‍ക്കാഡിയ, ഗിരീഷ് കോനാട്ട്, അഡ്.വ പി.എസ്.ശ്രീധരന്, എച്ച്. മുസമ്മില്‍ എന്നിവര്‍ ചേര്‍ന്നു കൈമാറി.
ടിന്‍സു മാത്യു, ടോമി സി. വാടയില്, ടോണി സി. കല്ലുകളം, ഡോ. ജോസഫ് തോമസ്, സി.എം. മാത്യു, ഷാജന് ഓവേലില്‍, സോനു പതാലില്‍, ജോര്‍ജുകുട്ടി കട്ടപ്പുറം, ജോസഫ് ഏബ്രഹാം തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.