പാലാ: ഓര്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റെസിഡന്റ്സ് മലയാളീസ് അസോസിയേഷന്) ടാലന്റ് പ്രൊമോഷന് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരം സീസണ്-3 ഗ്രാന്‍ഡ് ഫിനാലെ എട്ട്, ഒമ്പത് തീയതികളിൽ പാലാ സെന്റ് തോമസ് കോളജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടക്കും.
മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഇന്റലിജിന്‍സ് മേധാവി എഡിജിപി പി. വിജയന് മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ. മാണി എംപി, മാണി സി. കാപ്പന് എംഎല്‍എ, പാലാ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, സംവിധായകന് ഭദ്രന് മാട്ടേല്‍, ന്യൂസ് അവതാരകന് ഹാഷ്മി താജ് ഇബ്രാഹിം എന്നിവര്‍ പ്രസംഗിക്കും. ചലച്ചിത്രതാരം വിന്‍സി അലോഷ്യസ് വിജയികളെ പ്രഖ്യാപിക്കും. എട്ടിനു രാവിലെ 11 മുതല്‍ രാത്രി ഒൻപതുവരെ മത്സരാര്‍ഥികള്‍ക്കുള്ള പരിശീലനവും മത്സരാര്‍ഥികളുടെ കുടുംബങ്ങളുടെ കൂട്ടായ്മയും നടക്കും
ഒമ്പതിന് രാവിലെ മുതല്‍ ഫൈനല്‍ റൗണ്ട് പ്രസംഗമത്സരവും ഉച്ചയ്ക്കുശേഷം അവാര്‍ഡ് ദാനവും നടക്കും. ഒമ്പതിന് മത്സരാഥികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ടോപ് സിംഗര്‍ താരങ്ങളായ പി.വി. ഹരി, വൈഷ്ണവി പണിക്കര്‍ എന്നിവര്‍ സംഗീതപരിപാടി അവതരിപ്പിക്കും. സീസണ് 3ല്‍ സീനിയര്‍, ജൂണിയര്‍ വിഭാഗങ്ങളിലായി പത്തു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് പ്രൈസായ ഓര്മ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2025 പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കും. സീനിയര്‍ വിഭാഗത്തില്‍ മലയാളം - ഇംഗ്ലീഷ് ഭാഷകളിലായി ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 50,000 രൂപ വീതം ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5,000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും നല്‍കും. ജൂണിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് - മലയാളം ഭാഷകളിലായി വിജയികളാകുന്നവർക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ടു രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്നു മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാലു നാലാം സമ്മാനങ്ങളും 3000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ജോസ് തോമസ്, സജി സെബാസ്റ്റ്യന്‍, കുര്യാക്കോസ് മാണിവയലില്‍, ഷാജി ആറ്റുപുറം തുടങ്ങിയവര്‍ പങ്കെടുത്തു.