കൊരട്ടി: തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയിലെ 65 അന്തേവാസികളെ പുതുതായി നിർമിച്ച ഐപി ബ്ലോക്കിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആകെയുള്ള 88 അന്തേവാസികളിൽ പുരുഷന്മാരായ 65 പേരെയാണ് ഇന്നലെ മാറ്റി പാർപ്പിച്ചത്. കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായ കെട്ടിടത്തിൽനിന്നും ആധുനിക രീതിയിൽ സജ്ജമാക്കിയ സൗകര്യങ്ങളേറെയുള്ള ആശുപത്രി വാർഡിൽ ഇനി അവർക്ക് സ്വൈര്യമായുറങ്ങാം.
കാലവർഷം കടുത്തതോടെ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ദുരിതം പേറിയാണ് അന്തേവാസികൾ കഴിയുന്നതെന്നുകാണിച്ച് ഗ്രാമപഞ്ചായത്തും ആശുപത്രി അധികൃതരും കളക്ടർക്കു കത്തുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതുതായി നിർമിച്ച ഐപി ബ്ലോക്കിന്റെ ഉദ്ഘാടനത്തിനുപോലും കാത്തുനിൽക്കാതെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയത്.
അന്തേവാസികളുടെ സുരക്ഷയാണു മുഖ്യമെന്നും പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് കളക്ടർ കത്ത് നൽകിയിരുന്നു.
17 കോടി രൂപ വിനിയോഗിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം താമസിക്കാൻ രണ്ടു ബ്ലോക്കുകളായാണ് പുതിയ ഐപി വിഭാഗം നിർമിച്ചിരിക്കുന്നത്. പുരുഷന്മാർക്കായി നിർമിച്ച ബ്ലോക്കിന്റെ ഇലക്ട്രിക്കൽ പ്രവർത്തികൾ അട ക്കം പൂർത്തീകരിച്ചിരുന്നു. ഇതിലേക്കാണ് ഇവർ താമസം മാറ്റിയത്.
അവശേഷിക്കുന്ന പ്രവർത്തികൾ പൂർത്തിയാകുന്നതോടെ സ്ത്രീകളെയും പുതിയ കെട്ടിടത്തിലേക്ക് മാറ്റും. പുരുഷ വാർഡുകളിലേക്ക് അന്തേവാസികളെ മാറ്റുന്നതിനുമുമ്പ് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
കിടക്കകൾ, തലയിണകൾ, വാഷിംഗ് മെഷീൻ, വാട്ടർ പ്യൂരിഫയർ തുടങ്ങിയ ഒട്ടേറെ സാമഗ്രികൾ സുമനസുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിരുന്നു. പുതിയ കെട്ടിടത്തിലേക്ക് മാറ്റിപ്പാർപ്പിക്കുന്നത് ഔദ്യോഗിക ചടങ്ങാക്കി മാറ്റിയിരുന്നില്ല.
എങ്കിലും സനീഷ്കുമാർ ജോസഫ് എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി. ബിജു, വൈസ് പ്രസിഡന്റ്് ഷൈനി ഷാജി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.ആർ. സുരേഷ്, നൈനു റിച്ചു, വാർഡ് മെമ്പർമാരായ ലിജോ ജോസ്, വർഗീസ് പയ്യപ്പിള്ളി, ബിജോയ് പെരേപ്പാടൻ, ഷിമ സുധീൻ, പി.എസ്. സുമേഷ്, റെയ്മോൾ ജോസ്, പോൾ ജിയോ, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സ്നേഹജ, ലേ സെക്രട്ടറി രാജേന്ദ്രൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മാറ്റിപ്പാർപ്പിക്കൽ നടന്നത്. ഗാനമേളയും ഒരുക്കിയിരുന്നു.
തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയെയും അന്തേവാസികളെയും സനീഷ്കുമാർ ജോസഫ് എംഎൽഎ അവഗണിക്കുന്നുവെന്നാരോപിച്ച് ഇക്കഴിഞ്ഞ 20ന് എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ നടത്തിയിരു ന്നു.