സി.ജി. ജിജാസൽ
തൃശൂർ: രാജ്യത്തെല്ലായിടത്തും സ്വാതന്ത്ര്യത്തിന്റെ മധുരഗാനം വീണ്ടും മുഴങ്ങുന്ന വേളയിൽ, തൃശൂർ നഗരത്തിലും ഗ്രാമങ്ങളിലും ത്രിവർണം നിറയുകയാണ്. വിപണികൾ ദേശസ്നേഹത്തിന്റെ നിറങ്ങളിൽ അലങ്കരിച്ചിരിക്കുന്നു.
കൊടികളും തൊപ്പികളും അലങ്കാരവസ്തുക്കളുമായി സജീവമായ വിപണിയിൽ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തുണികൊണ്ടുള്ള പലതരത്തിലുള്ള ഉത്പന്നങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ത്രിവർണമാലകൾ, അരങ്ങുകൾ, കൊടികൾ, ജഴ്സി, ടീ ഷർട്ട്, ഉടുപ്പുകൾ തുടങ്ങി വൈവിധ്യങ്ങളായ വസ്തുക്കൾ കുറഞ്ഞവിലയിൽത്തന്നെ വിപണിയിൽ എത്തിച്ചിട്ടുണ്ടെന്നും ത്രിവർണ ടിഷർട്ടുകൾക്കും ഉടുപ്പുകൾക്കും മറ്റും മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നും പുത്തൻപള്ളിക്കു സമീപമുള്ള കേരള ഫാൻസി ഉടമ ആർ.എച്ച്. ജമാൽ പറഞ്ഞു.
അഞ്ചുരൂപ മുതലുള്ള കൊടികൾ, 20 രൂപ മുതൽ 150 രൂപ വിലവരുന്ന പതാകകൾ, 265 രൂപ വിലവരുന്ന ഖാദി പതാക, ചക്രമാല (260), ഉണ്ടമാല (290), പടക്കമാല (12 എണ്ണം അടങ്ങുന്നത് 120 രൂപ), ചെണ്ടുമല്ലി മാല (110), അരങ്ങ് (40) എന്നിവയ്ക്ക് ഒപ്പം രണ്ടുരൂപ മുതലുള്ള ഷെയ്ഡ് തൊപ്പികൾ, മൂന്നുരൂപ മുതൽ ബാഡ്ജുകൾ, റിബണുകൾ, 15 രൂപ മുതലുള്ള തൊപ്പികൾ എന്നിവയ്ക്കെല്ലാം ആവശ്യക്കാരേറെയാണ്.
100 മുതൽ 900 രൂപവരെ വിലവരുന്ന വസ്ത്രങ്ങളുടെ കൂട്ടത്തിൽ കുട്ടികൾക്കുള്ള ഉടുപ്പുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും ടീഷർട്ടുകൾ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. 150 രൂപ വിലവരുന്ന ഡോളാണ് ഇത്തവണ വിപണിയിലെ താരമെന്നും കച്ചവടക്കാർ അഭിപ്രായപ്പെട്ടു.
കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും വരുന്ന ഉത്പന്നങ്ങൾക്കുപുറമെ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നവയ്ക്കും ഇത്തവണ ആവശ്യക്കാരേറെയാണ്.