ഇടതുസ്ഥാനാർഥിയുടെ വിജയം ലക്ഷ്യം: ഐഎൻഎൽ
1564975
Thursday, June 5, 2025 5:54 AM IST
മഞ്ചേരി: നിലന്പൂരിൽ ഇടതുസ്ഥാനാർഥി സ്വരാജിന്റെ തിളക്കമാർന്ന വിജയമാണ് ഐഎൻഎൽ ലക്ഷ്യമിടുന്നതെന്നും ഇതിനെതിരെ സൈബർ ക്രിമിനലുകൾ നടത്തുന്ന വ്യാജ വാർത്തകളും പ്രചാരണങ്ങളും അവഗണിക്കണമെന്നും ജില്ലാ ജനറൽ സെക്രട്ടറി സി.പി. അബ്ദുൾ വഹാബ്.
ഐഎൻഎല്ലിൽ നിന്ന് പുറത്താക്കപ്പെട്ട ചിലർ തന്റെ ഫേസ് ബുക്ക് പോസ്റ്റിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് വ്യാജവാർത്ത നൽകുകയായിരുന്നു.
പി.വി. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിപക്ഷ നേതാവും യുഡിഎഫും നിസംഗത കാണിച്ചതിൽ ക്ഷോഭിച്ചും നീരസപ്പെട്ടും ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാഅംഗം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഹിസ്റ്റോറിക്കൽ ബ്ലളണ്ടറിന് കുപ്രസിദ്ധമായ പാർട്ടിയാണ് കോണ്ഗ്രസ് എന്ന തലവാചകത്തിൽ കുറിപ്പിട്ടിരുന്നു.
ഈ കുറിപ്പിനു മറുപടിയായി സി.പി. അബ്ദുൾ വഹാബ് ഫേസ്ബുക്കിലിട്ട പോസ്റ്റിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്താണ് ഇടതുമുന്നണിയുടെ ഭാഗം പോലുമല്ലാത്ത ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്.
പി.വി. അൻവർ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിരുദ്ധരെ തറപറ്റിച്ച് സ്വരാജിന് തിളക്കമാർന്ന വിജയം നൽകാൻ നിലന്പൂരിലെ വോട്ടർമാർ തയാറകണമെന്നും സി.പി. അബ്ദുൾവഹാബ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.