തദ്ദേശ സ്ഥാപനങ്ങളെ ദ്രോഹിക്കുന്ന നടപടിക്കെതിരേ അങ്ങാടിപ്പുറം പഞ്ചായത്തിന്റെ "അതിജീവനം’ വാർത്താപത്രിക
1564587
Tuesday, June 3, 2025 7:48 AM IST
അങ്ങാടിപ്പുറം: തദ്ദേശ സ്ഥാപനങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തുന്ന വിധത്തിൽ പ്രാദേശിക സർക്കാരുകളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സർക്കാർ നടപടികൾ ജനങ്ങളെ അറിയിക്കുന്നതിന് അങ്ങാടിപ്പുറം പഞ്ചായത്ത് യുഡിഎഫ് "അതിജീവനം’ എന്ന പേരിൽ വാർത്താ പത്രിക പ്രസിദ്ധീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിലിന് നൽകി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ വാർത്താപത്രിക പ്രകാശനം ചെയ്തു.
അങ്ങാടിപ്പുറം പഞ്ചായത്തിൽ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി, എൻജിനിയറിംഗ് വിഭാഗത്തിൽ ഓവർസിയർ തസ്തിക വർഷങ്ങളായി ഒഴിച്ചിട്ട നടപടി, ട്രഷറിയിൽ നിന്ന് ബില്ലുകൾ പാസാക്കി നൽകാതെ മാർച്ച് 31നു ശേഷം ബില്ലുകൾ തിരിച്ചു നൽകിയ നടപടി, ഫണ്ട് യഥാസമയം ചെലവഴിച്ചില്ല എന്ന കാരണം പറഞ്ഞ് മാർച്ച് 31നു ശേഷം ഫണ്ട് തിരിച്ചുപിടിക്കുന്ന നടപടി, ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിവിഹിതം പൂർണമായും അനുവദിക്കാതിരിക്കുന്ന നിലപാട് തുടങ്ങി വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അതിജീവനം വാർത്താപത്രികയുടെ ഉള്ളടക്കം.
കെ.കെ.സി.എം. അബുതാഹിർ തങ്ങൾ അധ്യക്ഷത വഹിച്ചു. കുന്നത്ത് മുഹമ്മദ്, പാതാരി അമീർ, കളത്തിൽ ഹാരിസ്, പി.പി. സൈതലവി, വാക്കാട്ടിൽ സുനൽ ബാബു, കുന്നത്ത് ഷാഹിൽ, ഇ.കെ. കുഞ്ഞുമുഹമ്മദ്, ഹുസൈൻ ചോലയിൽ, അബ്ദുസലാം ആറങ്ങോടൻ, സി.ടി. അക്ബർ, ശിഹാബ് ചോലയിൽ, സമീർ ബാബു മൂന്നാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.