നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: 19 ന് പൊതുഅവധി
1564977
Thursday, June 5, 2025 5:54 AM IST
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുന്ന 19 ന് നിലന്പൂർ നിയമസഭാ മണ്ഡല പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധിയായി പ്രഖ്യാപിച്ചു. 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ശന്പളത്തോട് കൂടിയ അവധിയായിരിക്കും.
ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശന്പളത്തോട് കൂടിയ അവധിയായി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മീഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു. ഖേൽകർ അറിയിച്ചു.
ഡ്രൈ ഡേ പ്രഖ്യാപിച്ചു
നിലന്പൂർ: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം പോളിംഗ് ദിവസമായ 19 മുതൽ പോളിംഗ് അവസാനിക്കുന്ന 48 മണിക്കൂറിനുള്ളിൽ നിലന്പൂർ നിയമസഭാ മണ്ഡലത്തിൽ ഡ്രൈ ഡേ ആയിരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 സി പ്രകാരം, പോളിംഗ് ഏരിയയ്ക്കുള്ളിലെ ഹോട്ടലുകൾ ഭക്ഷണശാലകൾ, മദ്യശാലകൾ, മറ്റുകച്ചവടസ്ഥാപനങ്ങൾ, സ്വകാര്യസ്ഥലം, മറ്റേതെങ്കിലും സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യമോ സമാനമായ മറ്റ് വസ്തുക്കളോ വിൽക്കാനോ നൽകാനോ വിതരണം ചെയ്യാനോ പാടില്ല.
മദ്യം സൂക്ഷിക്കുന്നതും വിൽക്കുന്നതും കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ കർശനമായി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ നിർദേശം നൽകി.