‘കുഴികളടച്ച് ഗതാഗത കുരുക്ക് ഒഴിവാക്കണം’
1564578
Tuesday, June 3, 2025 7:47 AM IST
പെരിന്തൽമണ്ണ: ഗതാഗതകുരുക്ക് മൂലം ബുദ്ധിമുട്ടുന്ന പെരിന്തൽമണ്ണ നഗരത്തിൽ റോഡിലെ കുഴികൾ അടച്ച് ഗതാഗത തടസം ഒഴിവാക്കണമെന്ന് പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻവ്യാപാര ഭവനിൽ ചേർന്ന സെക്രട്ടറിയോഗം ആവശ്യപ്പെട്ടു. കാലവർഷം തുടങ്ങിയതോടെ അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലം അവസാനിക്കുന്ന ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടത് വാഹനങ്ങൾ കടന്നുപോകുന്നതിന് പ്രയാസം നേരിടുന്നു.
ഇരുഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെടുന്നതോടെ നഗരം സ്തംഭിക്കുന്ന അവസ്ഥയാണ്. ഇത് വ്യാപാര മേഖലയെയും ബാധിക്കുന്നു. യാത്രക്കാരും കഷ്ടപ്പെടുന്നു. അതിനാൽ റോഡിലെ കുഴികളടച്ച് ഗതാഗതം സുഗമമമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പെരിന്തൽമണ്ണ, മങ്കട എംഎൽഎമാർക്കും പൊതുമരാമത്ത് എൻജിനിയർക്കും പരാതി നൽകിയതായി ഭാരവാഹികളായ പ്രസിഡന്റ് പി.ടി.എസ്. മൂസു, ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ഇക്ബാൽ, ട്രഷറർ ലത്തീഫ് എന്നിവർ അറിയിച്ചു.