വിദ്യാലയത്തെ മികവിലേക്കുയർത്തി പ്രധാനാധ്യാപകൻ പടിയിറങ്ങി
1564296
Monday, June 2, 2025 5:39 AM IST
മേലാറ്റൂർ: വിദ്യാലയത്തെ മികവിലേക്കുയർത്തി 32 വർഷത്തെ സേവനത്തിനുശേഷം പ്രധാനാധ്യാപകൻ കെ.ടി. നാരായണൻ മേലാറ്റൂർ ആർഎം ഹൈസ്കൂളിൽ നിന്ന് പടിയിറങ്ങി. 1992 നവംബറിലാണ് മേലാറ്റൂർ ആർഎം ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി കെ.ടി. നാരായണൻ ജോലിയിൽ പ്രവേശിക്കുന്നത്. 2024 ൽ പ്രധാനാധ്യാപകനായി. വിദ്യാലയത്തിലെ പാഠ്യ, പാഠ്യേതര മേഖലകളിലെ വളർച്ചയിൽ നേതൃത്വപരമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞു.
കലാ, കായിക, ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിൽ സംസ്ഥാനതലത്തിൽ സ്കൂളിന്റെ പേരെത്തിച്ചു. വിദ്യാലയത്തിൽ ഡിജിറ്റൽ ലൈബ്രറി, സയൻസ് പാർക്ക്, നവീകരിച്ച ഡൈനിംഗ് ഹാൾ എന്നിങ്ങനെ സജ്ജമാക്കുന്നതിലും മുന്നിൽ നിന്നു പ്രവർത്തിച്ചു.
എസ്എസ്എൽസിയിൽ നൂറ് ശതമാനം വിജയം നേടാനും യുഎസ്എസ് പരീക്ഷയിൽ 68 പ്രതിഭകൾക്ക് മിന്നുന്ന വിജയവും നേടിയെടുക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രധാനാധ്യാപകന്റെ പടിയിറക്കം. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് മെന്പർ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഇദ്ദേഹം നിലവിൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് മെന്പർ കൂടിയാണ്.