അവധിക്കാലത്ത് കുട്ടികളെ ഡിജിറ്റൽ വായനക്കാരാക്കി ഷഫീഖ് മാഷ്
1563782
Saturday, May 31, 2025 5:50 AM IST
കുറുവ: അവധിക്കാലത്ത് കുട്ടികളിൽ വായനശീലം ഉറപ്പുവരുത്താൻ ഡിജിറ്റൽ വായന സാമഗ്രി ഒരുക്കി ഷഫീഖ് മാഷ്. കുഞ്ഞുവായന എന്ന പേരിൽ ആയിരത്തോളം വായന സാമഗ്രികളാണ് ഇദ്ദേഹം തയാറാക്കിയത്. ദിനംപ്രതി അയ്യായിരത്തിലധികം വായനക്കാരുണ്ട് മാഷിന്റെ ’കുഞ്ഞുവായന’ക്ക്.
കുട്ടികളിൽ താൽപര്യമുണ്ടാക്കും വിധമുള്ള കുഞ്ഞുവായനകൾ തയാറാക്കി തന്റെ ഇൻസ്റ്റഗ്രാം വഴി പങ്കിടുന്നു. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ ഇതിന്റെ ഗുണഭോക്താക്കളാണ്. മലയാള ഭാഷാപഠനത്തിൽ ലേഖന, വായന മേഖലകളിൽ പിന്നാക്കാവസ്ഥ നേരിടുന്ന കുട്ടികൾക്കായാണ് ഇതാദ്യമായി തുടങ്ങിയത്. കുറുവ എയുപി സ്കൂളിലെ അധ്യാപകനാണ് .
ഷഫീഖ്. പഠന റീലുകൾ ഒരുക്കി പങ്കിടുന്ന ഈ അധ്യാപകൻ സോഷ്യൽ മീഡിയകളിലെ താരവും അധ്യാപക അവാർഡ് ജേതാവുമാണ്. പരേതനായ തുളുവത്ത് അഹമ്മദ്കുട്ടിയുടെയും സഫിയയുടെയും മകനാണ്. അധ്യാപികയായ സഫ റസ്മ ഭാര്യയും ഷിമാസ് അയ്സൽ മകളുമാണ്.