രാമപുരം ജെംസ് കോളജിന് ഓട്ടോണോമസ് അംഗീകാരം
1563229
Thursday, May 29, 2025 5:51 AM IST
രാമപുരം: കാലിക്കട്ട് സർവകലാശാലയുടെ കീഴിലുള്ള രാമപുരം ജെംസ് കോളജിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) സ്വയംഭരണ പദവി (ഓട്ടോണോമസ് അംഗീകാരം) നൽകി. കോളജിന്റെ അക്കാഡമിക് നിലവാരം, ഭരണനിർവഹണം, പാഠ്യപദ്ധതി, വികസന സംരംഭങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയ ശേഷമാണ് യുജിസിയുടെ തീരുമാനം.
സർവകലാശാല സ്വയംഭരണ സമിതി നേരത്തെ സ്ഥാപനം സന്ദർശിച്ചിരുന്നു. സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെയും കോളജിന്റെ സമഗ്രമായ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് യുജിസി സ്വയംഭരണ പദവി അനുവദിച്ചത്. ഈ അംഗീകാരത്തോടെ രാമപുരം ജെംസ് കോളജിന് സ്വന്തമായി പാഠ്യപദ്ധതികൾ രൂപകൽപ്പന ചെയ്യാനും പരീക്ഷകൾ നടത്താനും ഫലങ്ങൾ പ്രസിദ്ധീകരിക്കാനും സാധിക്കും.
ഇത് വിദ്യാർഥികൾക്ക് കൂടുതൽ പ്രയോജനകരവും തൊഴിലധിഷ്ഠിതവുമായ കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കും. കൂടാതെ, വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളെയും ആവശ്യകതകളെയും ഉൾകൊണ്ട് പാഠ്യപദ്ധതിയിൽ വേഗത്തിൽ പരിഷ്കാരങ്ങൾ വരുത്താനും പുതിയ കോഴ്സുകൾ ആരംഭിക്കാനും കോളജിന് സാധിക്കുമെന്ന് കോളജ് ഭരണസമിതി അറിയിച്ചു.