നിലന്പൂരിൽ സിപിഎം വോട്ടുകളും യുഡിഎഫിന്: വി.ഡി. സതീശൻ
1563227
Thursday, May 29, 2025 5:51 AM IST
അമരന്പലം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം വോട്ടുകളും യുഡിഎഫിന് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചിട്ടയൊപ്പിച്ച പ്രവർത്തനം നടത്തിയാൽ യഥാർഥ കമ്മ്യൂണിസ്റ്റുകാരുടെ വോട്ടും ലഭിക്കുമെന്നത് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. അമരന്പലം വ്യാപാര ഭവനിൽ അമരന്പലം പഞ്ചായത്തിലെ യുഡിഎഫ് ബൂത്ത് ഭാരവാഹി കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഏറ്റവും ശക്തമായ യുഡിഎഫ് സംവിധാനമുള്ള മണ്ഡലമാണ് നിലന്പൂർ. 30ന് ഒറ്റ ദിവസം കൊണ്ട് 263 ബൂത്തിലും പ്രവർത്തക കണ്വൻഷൻ വിളിച്ചു ചേർക്കുകയാണ്. ഇതുവരെ കാണാത്ത ഐക്യമാണ് കോണ്‍ഗ്രസിലും യുഡിഎഫിലുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ അഷ്റഫ് മുണ്ടശേരി അധ്യക്ഷത വഹിച്ചു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎൽഎ, ജെബി മേത്തർ എംപി, പി.അബ്ദുൾ ഹമീദ് എംഎൽഎ, സി.പി. ചെറിയ മുഹമ്മദ്, ഇസ്മായിൽ മൂത്തേടം, ഇഖ്ബാൽ മുണ്ടേരി, എൻ.എ. കരീം, കേന്പിൽ രവി, സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.