ആകാശപ്പറക്കലിന്റെ ആനന്ദത്തിൽ പെരിന്തൽമണ്ണയിലെ ഹരിതകർമ സേന
1563236
Thursday, May 29, 2025 5:59 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഹരിതകർമ സേനാംഗങ്ങൾ ആദ്യവിമാനയാത്ര നടത്തിയതിന്റെ സന്തോഷത്തിലാണ്. 86 ഹരിതകർമ സേനാംഗങ്ങളാണ് പെരിന്തൽമണ്ണ നഗരസഭയുടെ സഹായത്തോടെ കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് വിമാനയാത്ര നടത്തിയത്.
അവധി ദിവസങ്ങളിലും ജോലി ചെയ്യുന്ന ശുചീകരണ സേനയിലെ സാധാരണക്കാരായ തൊഴിലാളികളുടെ ആകാശയാത്ര മോഹമാണ് നഗരസഭ സഫലമാക്കിയത്. പെരിന്തൽമണ്ണയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് ബസിലും അവിടെ നിന്ന് വിമാനത്തിൽ ബംഗളൂരുവിലേക്കുമായിരുന്നു യാത്ര.
ലാൽബാഗ്, കുബ്ബണ് പാർക്ക്, വിധാൻസൗദ, വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിച്ച ശേഷം ട്രെയിൻ മാർഗം സംഘം തിരിച്ച് പെരിന്തൽമണ്ണയിലെത്തി. കൗണ്‍സിലർമാരും ജീവനക്കാരും ഉൾപ്പെടെ നൂറുപേരടങ്ങുന്ന യാത്രാസംഘത്തിൽ ഭൂരിഭാഗം പേരും ആദ്യമായാണ് വിമാന യാത്ര നടത്തിയത്.