വികസനത്തുടർച്ചയ്ക്ക് ജനങ്ങൾ എൽഡിഎഫിനൊപ്പം: മന്ത്രി വി. അബ്ദുറഹിമാൻ
1564790
Wednesday, June 4, 2025 6:20 AM IST
പൂക്കോട്ടുംപാടം: വികസനത്തുടർച്ചക്ക് ജനങ്ങൾ എൽഡിഎഫിന് വോട്ടു ചെയ്യുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന്റെ അമരന്പലം പഞ്ചായത്ത് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് മന്ത്രിസഭ ഒന്പത് വർഷം കൊണ്ട് വിദ്യാഭ്യാസ, ആരോഗ്യമേഖലയിൽ നടപ്പാക്കിയ വികസന പദ്ധതികൾ, സന്പൂർണ ഭവനപദ്ധതി, വൈദ്യുതീകരണം, സൗജന്യ ഇന്റർനെറ്റ്, 80 ശതമാനം ഡിജിറ്റൽ സാക്ഷരത, 60 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ തുടങ്ങിയവ ജനങ്ങളുടെ മുന്നിലുണ്ട്. ഇത് ഇടതുപക്ഷ ഭരണസമിതിയുടെ ഇച്ഛാശക്തിയിലൂടെ നേടിയെടുത്തതാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയായിരുന്നു. നിലന്പൂർ മേഖലയിൽ യുഡിഎഫ് ഭരണക്കാലത്ത് ലോഡ് ഷെഡിംഗ് നിത്യസംഭവമായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ വന്നതോടെ പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തുടങ്ങിയതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. അമരന്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അധ്യക്ഷത വഹിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. അനിൽകുമാർ, എൻ. ചന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ശശികുമാർ, സിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ടി. ഷറഫുദീൻ, അഡ്വ. ഫിറോസ് ബാബു, ഗഫൂർ പി. ലില്ലീസ്, സണ്ണി പുലിക്കുത്തിയേൽ, കെ. രാജ്മോഹൻ, ഇ. സിന്ധു എന്നിവർ പ്രസംഗിച്ചു.
1001 അംഗ കമ്മിറ്റിയെ കണ്വൻഷൻ തെരഞ്ഞെടുത്തു. ഭാരാവാഹികൾ: ഇല്ലിക്കൽ ഹുസൈൻ (ചെയർമാൻ), വി.കെ. അനന്തകൃഷ്ണൻ (കണ്വീനർ), പി. ശിവാത്മജൻ(ട്രഷറർ).