ഉപതെരഞ്ഞടുപ്പ്: കണ്ട്രോൾ റൂം ശക്തമാക്കി
1568300
Wednesday, June 18, 2025 4:54 AM IST
നിലന്പൂർ: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫീസിൽ കണ്ട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയതായി ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ.
പോളിംഗ് സ്റ്റേഷനുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലെ തത്സമയ ദൃശ്യങ്ങൾ ചീഫ് ഇലക്ടറൽ ഓഫീസിലെ കണ്ട്രോൾ റൂമിൽ തയാറാക്കിയിട്ടുള്ള മോണിറ്ററിൽ നിരീക്ഷിച്ചു കൊണ്ടിരിക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ എന്നിവരുമായി ബന്ധപ്പെടുന്നതിന് പ്രത്യേക ടെലിഫോണ്‍ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് തൽസമയ വിവരങ്ങൾ അറിയിക്കുന്നതിന് പ്രത്യേക ടീമിനെയും വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനും അവയ്ക്കെതിരെ നടപടി എടുക്കുന്നതിനും പ്രത്യേക സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.
പോളിംഗ് ദിനമായ 19 ന് രാവിലെ ഏഴു മുതൽ വൈകിട്ട് 6.30 വരെ എക്സിറ്റ് പോൾ, ഫലങ്ങൾ അച്ചടി, ഇലക്ട്രോണിക് മാധ്യമത്തിലോ മറ്റേതെങ്കിലും രീതിയിലോ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും പോളിംഗിന്റെ അവസാന സമയത്തിന് മുന്പുളള 48 മണിക്കൂർ കാലയളവിൽ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമത്തിൽ അഭിപ്രായസർവേ, മറ്റ് സർവേ ഫലങ്ങൾ ഉൾപ്പെടെയുളള തെരഞ്ഞെടുപ്പ് വിഷയങ്ങൾ പ്രദർശിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് കണ്ട്രോൾ റൂം ജില്ലാ കളക്ടറുടെ കാര്യാലയത്തിലും (ഫോണ്‍: 0483 2734990) കോൾ സെന്റർ നിലന്പൂർ റസ്റ്റ് ഹൗസിലും ( ഫോണ്‍: 048931 220039) സജ്ജീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.