ബൈക്ക് യാത്രികനെ തെരുവ്നായ കടിച്ചു
1568301
Wednesday, June 18, 2025 4:54 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം മേൽപ്പാലത്തിലൂടെ ബൈക്കിൽ വരികയായിരുന്ന അങ്ങാടിപ്പുറം സ്വദേശിയായ യുവാവിന് തെരുവ്നായയുടെ കടിയേറ്റു. ഇന്നലെ രാവിലെ പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് മേൽപ്പാലം വഴി അങ്ങാടിപ്പുറത്തേക്ക് വരികയായിരുന്ന യുവാവിനാണ് മേൽപ്പാലം ഇറങ്ങിയ ഉടനെ നായയുടെ കടിയേറ്റത്.
കാലിന്റെ മുട്ടിനു താഴെ കടിയേറ്റ ഇയാൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ നാട്ടുകൽ 55-ാം മൈൽ സ്വദേശിക്കും ഇന്നലെ രാവിലെ നായയുടെ കടിയേറ്റിട്ടുണ്ട്. ഇദ്ദേഹവും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്തും അങ്ങാടിപ്പുറം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഐഎച്ച്ആർഡിക്ക് സമീപമുള്ള ഗാന്ധിനഗറിലും തെരുവ്നായ്ക്കളുടെ ശല്യം രൂക്ഷമാണ്. മൗലാന നഴ്സിംഗ് കോളജ് വിദ്യാർഥികളും ഐഎച്ച്ആർഡി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളും ഗാന്ധിനഗർ നിവാസികളും തെരുവുനായശല്യം നേരിടുന്നു.
മാസങ്ങൾക്കു മുന്പാണ് അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ കൈക്കുഞ്ഞ് അടക്കമുള്ള നിരവധി പേർക്ക് നായയുടെ കടിയേറ്റത്. തിരൂർക്കാട് ഭാഗത്ത് തൊഴിലുറപ്പ് തൊഴിലാളികളെ അടക്കം നായ കടിച്ചിരുന്നു. ഇതിൽ ഒരു സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു.