കൽപ്പറ്റ: ഫാത്തിമ മാതാ മിഷൻ ആശുപത്രി സുവർണ ജൂബിലി സമാപന സമ്മേളനം 21ന് ഉച്ചകഴിഞ്ഞ് 2.30ന് രാഹുൽഗാന്ധി എംപി ഉദ്ഘാടനം ചെയ്യും.
ഹോസ്പിറ്റൽ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ എടിച്ചിലാത്ത് സിഎംഐ, ചീഫ് അഡ്മിനിസ്ട്രേറ്റർ ഫാ.ജിമ്മി പോടൂർ സിഎംഐ, അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫാ. ജിതിൻ കുറൂർ സിഎംഐ, ജനറൽ സർജൻ ഡോ.വി.ജെ. സെബാസ്റ്റ്യൻ, പബ്ലിക് റിലേഷൻസ് ഓഫീസർ എൻ.എസ്. ഷിനോജ്, ജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനർ മോൻസി തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
ഹോസ്പിറ്റൽ അങ്കണത്തിൽ നടത്തുന്ന ചടങ്ങിൽ സിഎംഐ സെന്റ് തോമസ് പ്രൊവിൻഷ്യാൾ ഫാ.തോമസ് തെക്കേൽ അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാൽ എംപി, മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം, ടി. സിദ്ദീഖ് എംഎൽഎ, ജില്ലാ കളക്ടർ ഡോ.രേണുരാജ്, മുനിസിപ്പൽ ചെയർമാൻ കെയെംതൊടി മുജീബ്, ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ എടിച്ചിലാത്ത് സിഎംഐ, ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗം കണ്‍സൾട്ടന്റ് ഫിസിഷ്യൻ ഡോ.അബൂബക്കർ സീഷാൻ മൻസാർ എന്നിവർ പ്രസംഗിക്കും. ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങളും വിദ്യാർഥികളും കലാപരിപാടികൾ അവതരിപ്പിക്കും. 1973 മാർച്ച് ഒന്നിന് സ്ഥാപിതമായ ആശുപത്രിയിൽ നിലവിൽ നിരവധി സ്പെഷാലിറ്റി വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്. 2022 മാർച്ച് 17ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഒരു വർഷം നീണ്ട ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തത്.