സ്കൂള്‍ ഉച്ചഭക്ഷണ തുക വര്‍ധിപ്പിക്കുക: കെപിഎസ്ടിയു
1263259
Monday, January 30, 2023 12:42 AM IST
ചിറ്റാരിക്കാല്‍: സ്കൂള്‍ ഉച്ചഭക്ഷണ തുക വര്‍ധിപ്പിക്കണമെന്ന് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെപിഎസ്ടിയു) ചിറ്റാരിക്കാല്‍ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വെള്ളിയേപ്പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ടി.എസ്. ജോസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരിജ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ജില്ലാ പ്രസിഡന്റ് പ്രശാന്ത് കാനത്തൂര്‍ അനുമോദിച്ചു.
വര്‍ഷങ്ങളായി നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നിയമനം അംഗീകരിക്കുക, പങ്കാളിത്ത പെന്ഷന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ജില്ലാ സെക്രട്ടറി കെ. ശ്രീനിവാസന്, ജോര്‍ജ് തോമസ്, അലോഷ്യസ് ജോര്‍ജ്, ബിജു അഗസ്റ്റിന്, സോജന് ജോര്‍ജ്, ജെയിംസ് ചെറിയാന്, സി.എം. വര്‍ഗീസ്, കെ.സി. സെബാസ്റ്റ്യന്‍, കെ.ടി. റോയി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപികമാരുടെ വടംവലി മത്സരവും നടത്തി.
ഭാരവാഹികളായി ജിജോ പി. ജോസഫ് - പ്രസിഡന്റ്, ടിജി ദേവസ്യ - സെക്രട്ടറി, സോജിന് ജോര്‍ജ് - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.