കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്
1592540
Thursday, September 18, 2025 1:51 AM IST
കാസര്‍ഗോഡ്: സ്വവര്‍ഗാനുരാഗ ഡേറ്റിംഗ് ആപ്പ് പീഡനക്കേസിനു പിന്നാലെ മുന്നറിയിപ്പുമായി ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്ഡി. കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നിയന്ത്രണം വേണം. കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ രക്ഷിതാക്കള്‍ പരിശോധിക്കണം.
ആരുടെയും സഹായം ഇല്ലാതെ തന്നെ തെറ്റായ ആപ്പുകള്‍ കുട്ടികള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ രക്ഷിതാക്കള്‍ക്ക് പ്രത്യേക ശ്രദ്ധ വേണം. പ്രധാനപ്പെട്ട ആപ്പുകളില്‍ കയറുമ്പോഴും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും കെവൈസി പോലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പല ആപ്പുകളും പാലിക്കുന്നില്ല. ഇതുമൂലം തെറ്റായ വിവരങ്ങള്‍ നല്കി കുട്ടികള്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു.
പ്രാഥമിക വിവരങ്ങള്‍ മാത്രം നല്കിയാല് ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നു എന്നത് ഗുരുതരമായി കാണേണ്ട കാര്യമാണെന്നും ഇതു തടയണമെന്നും അദ്ദേഹം പറഞ്ഞു. രാത്രി 10നു ശേഷം ഫോണ്‍ ലോക്ക് ആകുന്ന രീതികള്‍ ഉപയോഗിക്കാം.
കൂടാതെ പഠനത്തിന്റെ ഭാഗമായി മാത്രം ഉപയോഗിക്കുന്ന രീതിയില്‍ സെറ്റ് ചെയ്തു വയ്ക്കാം. അതുമല്ലെങ്കില്‍ തെറ്റായ ആപ്പുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ അതീവ സുരക്ഷയുള്ള ആപ്പുകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.