എൻഡോസൾഫാൻ സെൽ യോഗം പ്രഹസനമായതായി ആക്ഷേപം
1592538
Thursday, September 18, 2025 1:51 AM IST
കാസർഗോഡ്: രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷം വിളിച്ചുചേർത്ത എൻഡോസൾഫാൻ സെൽ യോഗം പ്രഹസനമായതായി ആക്ഷേപം. സെൽ ചെയർമാനായ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിൽ ദുരിതബാധിതരുടെ പ്രതിനിധികളുടെയോ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുടെയോ നേരിട്ടുള്ള പങ്കാളിത്തമുണ്ടായില്ല. ശനിയാഴ്ച വൈകുന്നേരത്തോടെ മാത്രമാണ് യോഗത്തെക്കുറിച്ചുള്ള അറിയിപ്പ് ജില്ലയിലുള്ളവർക്ക് ലഭിച്ചത്. ഓൺലൈനായും യോഗത്തിൽ പങ്കെടുക്കാമെന്ന് അറിയിപ്പിൽ പറഞ്ഞിരുന്നതിനാൽ മിക്കവരും അങ്ങനെ മാത്രമാണ് പങ്കെടുത്തത്.
2017നു ശേഷം ദുരിതബാധിതർക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടില്ലെന്നും ഇരുപതിനായിരത്തിലധികം അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി യോഗത്തിൽ അറിയിച്ചു. എൻഡോസൾഫാൻ പ്രശ്നം കൂടുതൽ കാലം നീട്ടിക്കൊണ്ടുപോകരുതെന്നും ദുരിതബാധിതർക്ക് നീതി ഉറപ്പുവരുത്തണമെന്നും എംപി ആവശ്യപ്പെട്ടു.
നേരത്തേ കർണാടകയിലെ നാല് ആശുപത്രികളിൽ നിന്ന് കേരള സർക്കരിന്റെ പദ്ധതി പ്രകാരം ദുരിതബാധിതർക്ക് സൗജന്യ ചികിത്സ ലഭിച്ചിരുന്നു. ഇപ്പോൾ ഒരിടത്ത് മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. ജില്ലയിൽ തന്നെ സൗജന്യ ചികിത്സാസൗകര്യം ലഭ്യമാക്കണമെന്ന ദുരിതബാധിതരുടെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ലെന്നും എംപി ചൂണ്ടിക്കാട്ടി.
ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത് ദുരിതബാധിതരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചപ്പോൾ പരിശോധിക്കാമെന്ന ഒഴുക്കൻ മറുപടി മാത്രമാണ് ലഭിച്ചതെന്ന് എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി നേതാവ് മുനീസ അമ്പലത്തറ പറഞ്ഞു. യോഗം നടന്നെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം മാത്രമാണ് നടന്നതെന്ന ആക്ഷേപമാണ് ദുരിതബാധിതർ ഉന്നയിക്കുന്നത്.
എംഎൽഎമാരായ എൻ.എ. നെല്ലിക്കുന്ന്, എം. രാജഗോപാലൻ, സി.എച്ച്. കുഞ്ഞമ്പു, കളക്ടർ കെ. ഇമ്പശേഖർ, ഡോ. അംബികാസുതൻ മാങ്ങാട്, ദുരിതബാധിത പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരും യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു.