കാര്യങ്കോട് പുഴയില്‍ മണല്‍കൊള്ള വ്യാപകം
1591713
Monday, September 15, 2025 1:59 AM IST
നീലേശ്വരം: കാര്യങ്കോട് പുഴയില്‍ തൈക്കടപ്പുറത്ത് അനധികൃതമായ മണലെടുപ്പ് വ്യാപകം. ചട്ടങ്ങളെല്ലാം പാടേ ലംഘിച്ചുകൊണ്ട് ദിവസേന നൂറുകണക്കിന് തോണികളില്‍ നിന്നുമാണ് ഇവിടെ നിന്നും മണല്‍ കടത്തിക്കൊണ്ടുപോകുന്നത്.
ദിവസേന നൂറുകണക്കിന് തോണികളില്‍ ഇവിടെ നിന്നും മണല്‍വാരി കടത്തിക്കൊണ്ടുപോകുന്നത് പോലീസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തൈക്കടപ്പുറം പള്ളിക്ക് കിഴക്കുഭാഗത്ത് 50 മീറ്റര്‍ വിട്ടാണ് മണല്‍വാരന്‍ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ കരയില്‍ നിന്നുതന്നെയാണ് നൂറുകണക്കിന് തോണികളിലായി മണല്‍ വാരിക്കൊണ്ടു പോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
രാപകലില്ലാതെ മണല്‍ വാരുന്നതുമൂലം തീരദേശത്തെ വീടുകളുടെ നിലനില്പിനും ഭീഷണിയായതായി നാട്ടുകാര്‍ പറയുന്നു. പലയിടത്തും വീടിന്റെ ജനലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു തുടങ്ങിയിട്ടുണ്ട്.
അനധികൃത മണലെടുപ്പ് കാരണം ഉണ്ടാകുന്ന വ്യാപകമായ കരയിടിച്ചില്‍ തടയാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.