മെഡിക്കല്‍ കോളജ് റൂട്ടില്‍ ബസുകള്‍ സർവീസ് നിര്‍ത്തുന്നു
1590670
Thursday, September 11, 2025 12:53 AM IST
ബദിയടുക്ക: ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസ് ആദ്യ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തിനില്‍ക്കേ കോളജിലേക്കുള്ള പ്രധാന റോഡ് കുഴികള്‍ നിറഞ്ഞ് താറുമാറായ നിലയില്‍. കാസര്‍ഗോഡ് നഗരത്തില്‍ നിന്ന് മെഡിക്കല്‍ കോളജില്‍ എത്താനുള്ള ചെര്‍ക്കള-കല്ലടുക്ക റോഡിലെ കുഴികള്‍ നികത്തി അറ്റകുറ്റപ്പണി നടത്താന്‍ കെആര്‍എഫ്ബി എട്ടുലക്ഷം രൂപ അനുവദിച്ചെങ്കിലും ടെന്‍ഡറെടുക്കാന്‍ ആരുമെത്തിയില്ല. ഈമാസം ഒന്നിനായിരുന്നു ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരുന്നത്. റോഡിന്റെ ശോചനീയാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഈ മാസം 29 മുതല്‍ ഇതുവഴിയുള്ള സർവീസ് നിര്‍ത്തുമെന്ന് കാണിച്ച് ബസുടമകളുടെ സംഘടനകള്‍ എംഎല്‍എയ്ക്കും കെആര്‍എഫ്ബി, ആര്‍ടിഒ അധികൃതര്‍ക്കും കത്തു നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ കോളജിന്റെ ടീച്ചിംഗ് ആശുപത്രിയായി നിശ്ചയിച്ചിട്ടുള്ള കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് കോളജിന്റെ ബസില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകേണ്ടതും ഈ റോഡിലൂടെയാണ്. എടനീർ പാലം, പള്ളത്തടുക്ക, ചെർളടുക്കം, ബീജന്തടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്.
കരാറുകാരുമായി ചര്‍ച്ച നടത്തി പെട്ടെന്നുതന്നെ പുതിയ ടെന്‍ഡര്‍ വിളിച്ച് പണി തുടങ്ങാനായില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ തുടക്കം മുതല്‍തന്നെ ഇതിലൂടെയുള്ള യാത്രാദുരിതം സഹിക്കേണ്ടിവരും.