വന്യജീവി ആക്രമണം നേരിടുന്ന പ്രദേശങ്ങൾ; പട്ടികയിൽ ജില്ലയിലെ ആറു പഞ്ചായത്തുകൾ
1590406
Wednesday, September 10, 2025 12:49 AM IST
കാസർഗോഡ്: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ നേരിടുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി വനംവകുപ്പ് തയ്യാറാക്കിയ പട്ടികയിൽ ജില്ലയിലെ ആറു പഞ്ചായത്തുകൾ. മുളിയാർ, കാറഡുക്ക, ദേലംപാടി, പനത്തടി, ബളാൽ, ഈസ്റ്റ് എളേരി പഞ്ചായത്തുകളാണ് പട്ടികയിൽ ഉൾപ്പെട്ടത്. എന്നാൽ ഇവയൊന്നും തീവ്രമായ സംഘർഷം നേരിടുന്ന ഹോട്ട്സ്പോട്ടുകളിൽ ഉൾപ്പെട്ടിട്ടില്ല.
സംസ്ഥാനതലത്തിൽ 30 ഹോട്ട്സ്പോട്ടുകളാണ് വനംവകുപ്പ് തയ്യാറാക്കിയ പട്ടികയിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇവയിൽ ഒൻപതെണ്ണം അതിതീവ്ര സംഘർഷ മേഖലയായും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏഴും വയനാട് ജില്ലയിലാണ്. കണ്ണൂർ ജില്ലയിലെ ആറളം, കേളകം, കൊട്ടിയൂർ, പയ്യാവൂർ പഞ്ചായത്തുകൾ ഹോട്ട്സ്പോട്ടുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
സംഘർഷത്തിന്റെ രീതി, തോത്, നാശനഷ്ടം, സംഘർഷ സാധ്യത, മരണം തുടങ്ങി വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് ഹോട്ട്സ്പോട്ടുകൾ നിർണയിച്ചത്. ഈ മാനദണ്ഡങ്ങൾ പ്രകാരമുള്ള തീവ്ര സംഘർഷാവസ്ഥ കാസർഗോഡ് ജില്ലയിൽ ഒരു പഞ്ചായത്തിലും ഇല്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. അതേസമയം സാരമായ വന്യജീവിശല്യം ഉണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ആറു പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകൾക്ക് തൊട്ടുതാഴെയുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മറ്റ് 21 പഞ്ചായത്തുകളിൽ വന്യജീവികളുടെ ഭീഷണിയുള്ളതായും വിലയിരുത്തിട്ടുണ്ട്. എല്ലായിടങ്ങളിലും ജനവാസമേഖലകളിൽ കാട്ടുപന്നി, കുരങ്ങ്, മയിൽ, കുറുനരി തുടങ്ങിയവയുടെ സാന്നിധ്യം വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ പലയിടങ്ങളിലും സൗരോർജ തൂക്കുവേലികൾ സ്ഥാപിച്ചത് വന്യജീവി ആക്രമണങ്ങൾ കുറയാൻ കാരണമായിട്ടുണ്ടെന്നും വനംവകുപ്പ് വിലയിരുത്തിയിട്ടുണ്ട്.